vijay-deverakonda-

തെലുങ്കിൽ മാത്രമല്ല തമിഴിലും മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. 'അർജുൻ റെഡ്ഡി' എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക മനസിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ താൻ നവാഗത സംവിധായകർക്കൊപ്പം കൂടെ വർക്ക് ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരം. 'ദി ഫാമിലി സ്റ്റാർ' ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നവാഗത സംവിധായകരുമായി സഹകരിക്കാത്തതിന്റെ കാരണവും നടൻ വ്യക്തമാക്കിയിട്ടുണ്ട്.

'ഞാൻ നവാഗതരായ സംവിധായകർക്കൊപ്പം ജോലി ചെയ്യാറില്ല. ഒരു സിനിമയെങ്കിലും ചെയ്തവർക്കൊപ്പമേ ഞാൻ ജോലി ചെയ്യാറുള്ളു. നവാഗതനാണെങ്കിൽ സെറ്റിൽ എത്തുമ്പോൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരും. മുൻപ് സിനിമ ചെയ്ത ഒരാൾക്ക് അത് എങ്ങനെ കെെകാര്യം ചെയ്യണമെന്ന് അറിയാം. ഞാൻ സെറ്റിൽ എത്തുമ്പോൾ എല്ലാം ശരിയായിരിക്കണം. അതിനാലാണ് ഞാൻ നവാഗതരുമായി ജോലി ചെയ്യാത്തത്. ഒരു സിനിമയെങ്കിലും ചെയ്തിട്ടുള്ളവരാണെങ്കിൽ ഞാൻ അവരുടെ വിഷ്വൽ സ്റ്റോറിയും എഡിറ്റിംഗും മ്യൂസിക് സെൻസും നോക്കും. ആ സിനിമ ഹിറ്റ് ആയിരുന്നില്ലെങ്കിലും എനിക്ക് അത് പ്രശ്നമല്ല. അവരോട് ഒപ്പം പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്.' - വിജയ് ദേവരകൊണ്ട പറഞ്ഞു.

ഗീത ഗോവിന്ദം, സർക്കാർ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ കെ. പരശുറാം പെറ്റ്‌ല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ഫാമിലി സ്റ്റാർ'. ഗീത ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഏപ്രിൽ അഞ്ചിനാണ് ചിത്രം തിയേറ്ററിലേത്തുന്നത്. മൃണാൽ താക്കൂറാണ് നായിക.