dies-

കൊച്ചി: വളർത്തുനായ കുരച്ചതിനെ തുടർന്ന് ഇതരസംസ്ഥാനക്കാർ ക്രൂരമായി മർദിച്ചയാൾ മരിച്ചു. എറണാകുളം സ്വദേശി വിനോദാണ് മരിച്ചത്. ഹെെക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നെെനാന്റെ ഡ്രെെവറാണ് വിനോദ്. ആക്രമണത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മാർച്ച് 25ന് രാത്രിയാണ് വിനോദിന് മർദനമേറ്റത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിനോദിന്റെ വീട്ടിൽ നായ കുരച്ചപ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം നായയെയാണ് ആക്രമിച്ചത്. അതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വിനോദിനെ മർദ്ദിക്കുകയും കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെയ്തു. ബോധരഹിതനായ വിനോദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് മരിച്ചത്. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതാണ് മരണകാരണമായി പറയുന്നത്. അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്.