
കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തിയ കാതൽ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവച്ച് പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ. സിനിമയിലെ ഒരു സീൻ ഒരുക്കുന്നതിനായി ലഭിച്ച ഇടവേളസമയത്ത് നടൻ മമ്മൂട്ടി ഒരു വീട്ടിലേക്ക് അപ്രതീക്ഷിതമായി കയറിച്ചെന്ന അനുഭവത്തെക്കുറിച്ചാണ് ഷാജി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ഒരു സീനെടുക്കുന്നതിനായി അണിയറപ്രവർത്തകരുടെ ഒരു സംഘം സഞ്ചരിക്കുന്നതിനിടയിലാണ് താരം സമീപത്തുളള ഒരു വീട്ടിൽ കയറിച്ചെന്നത്. അടുത്ത സീൻ സെറ്റ് ചെയ്യുന്നതിന്റെ ഇടവേളയിൽ കുറച്ച് സമയം വിശ്രമിക്കുന്നതിനാണ് മമ്മൂട്ടിയും സംഘവും വീട്ടിലെത്തിയത്. വീടിന്റെ മുൻവശത്തിരുന്ന ഒരു വയോധികയോട് താരം സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. മമ്മൂട്ടിയെ കണ്ട അമ്പരപ്പിൽ വീട്ടിലെ മറ്റുളള അംഗങ്ങൾ നിൽക്കുന്നതും വീഡിയോയിൽ കാണാം.
പ്രായമായത് കൊണ്ട് സിനിമയൊന്നും കാണാറില്ലെന്ന വയോധികയുടെ സംസാരത്തിന് മമ്മൂട്ടി മറുപടി നൽകുന്നുണ്ട്, സിനിമ കാണുന്നത് നല്ലതാണെന്നും വീട്ടുകാരോട് അതിനുളള സൗകര്യങ്ങളൊരുക്കി തരാമെന്ന് പറയാമെന്നും താരം പറയുന്നുണ്ട്.തുടർന്ന് വീട്ടുകാരോട് എല്ലാ വിശേഷങ്ങളും തിരക്കിയതിന് ശേഷമാണ് മമ്മൂട്ടി ചിത്രീകരണത്തിനായി പോയത്.