
മസ്‌കറ്റ്: ഗൾഫിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ഒമാനിലെ മിസ്‌ഫ ജഫ്‌നൈനിൽ ശനിയാഴ്‌ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ റഫീഖ് (37) ആണ് മരിച്ചത്. സുഹോൽ അൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനായിരുന്നു റഫീഖ്.
അപകടത്തിൽ റഫീഖിന് ഒപ്പമുണ്ടായിരുന്ന ഒമാനി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പതിനൊന്ന് വർഷമായി സുഹോൽ അൽ ഫൈഹ കമ്പനിയിൽ ഡെലിവറി സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു റഫീഖ്. പിതാവ്: മുഹമ്മദ്, മാതാവ്: അലീമ, ഭാര്യ: ഷഹാന. ഇവർക്ക് അഞ്ചും ഒന്നരയും വയസുള്ള മക്കളുണ്ട്.
അതേസമയം, സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ദുഖ്‌നയിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ വടക്കാഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുവിന്റെ മൃതദേഹം ഖബറടക്കി. ദുഖ്‌നയിൽ അലുമിനിയം ഫാബ്രിക്കേഷൻ രംഗത്ത് ജോലി ചെയ്തുവരികയായിരുന്ന കുഞ്ഞീതു ഈ മാസം 22നാണ് താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. നിയമ നടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെ എം സി സി സെൻട്രൽ കമ്മിറ്റി, ഖുറൈമാൻ സൽഹിയ കെ എം സി സി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.