കൊച്ചി: പൊന്നുരുന്നി റെയിൽവേ മാർഷലിംഗ് യാഡ് വളപ്പിൽ കയറി​ മൂന്നംഗ യുവാക്കളുടെ സംഘം റെയിൽവേ ജീവനക്കാരെ മർദ്ദിച്ചെന്നു പരാതി. ഇന്നലെ വൈകിട്ട് ഒരു സംഘം യുവാക്കൾ മാർഷലിംഗ് യാഡ് വളപ്പിലും സീനിയർ സെക്ഷൻ എൻജിനീയർ ഓഫിസിലുമെത്തിയാണ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. കസേരകൾ ഉൾപ്പെടെ തകർത്തതെന്നും പരാതിയുണ്ട്. ഇവർ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 7 റെയിൽവേ ഉദ്യോഗസ്ഥർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളം ശേഖരിക്കാൻ മാർഷലിംഗ് യാഡ് വളപ്പിൽ പലരും എത്താറുണ്ട്. മാർഷലിംഗ് യാഡ് പരിസരത്തു നിന്നു പഴ്‌സ് ഉൾപ്പെടെ മോഷണം പോയിരുന്നതായും പരാതിയുണ്ട്. ഇന്നലെ യുവാക്കളുടെ സംഘം എത്തിയപ്പോൾ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയതോടെ വാക്കുതർക്കം ഉണ്ടായതായും റെയിൽവേ ജീവനക്കാർ പറഞ്ഞു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അധികൃതർ പരാതി നൽകിയിട്ടുണ്ട്. യുവാക്കളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വിശദമായി ചോദ്യം ചെയ്യും.