
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതു മേഖല എണ്ണകമ്പനികൾ കുറച്ചു. കൊച്ചിയിൽ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 30.50 രൂപ കുറഞ്ഞ് 1820 രൂപയായി. വിപണി വിലയിൽ കമ്പനികൾ ലഭ്യമാക്കുന്ന അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറുകളുടെ വിലയും 7.5 രൂപ കുറച്ചു. പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായാണ് ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് വില്ക്കുന്ന പാചക വാതകത്തിന്റെ വില കുറച്ചത്.
ജനുവരിക്ക് ശേഷം ആദ്യമായാണ് കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. ഫെബ്രുവരിയിൽ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 14 രൂപയും മാർച്ചിൽ 25.50 രൂപയും കൂട്ടിയിരുന്നു.
അതേസമയം ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 14.5 കിലോഗ്രാം പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.