
കൊല്ലം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ് വന്ന അക്രമി സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ. നീണ്ടകര വെളിത്തുരുത്ത്, പുണർതം വീട്ടിൽ രാഹുൽ(29) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. ജനുവരി 11ന് രാത്രി 9 ന് ആണ് സംഭവം.നീണ്ടകര സ്വദേശി തോംസണിനെയാണ് പ്രതിയും സംഘവും മാരകായുധം ഉപയോഗിച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചത്. നീണ്ടകര എസ്.എൻ കലുങ്കിന് സമീപം പ്രതിയായ രാഹുൽ നടത്തിയിരുന്ന കടയിൽ ജ്യൂസ് കുടിക്കാൻ എത്തിയതായിരുന്നു തോംസൺ. പ്രതികൾ തോംസണിനെ സ്റ്റീൽ കത്തിക്ക് വെട്ടുകയും കടയിൽ ഇരുന്ന ചുറ്റികയെടുത്ത് തലക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ചവറ പൊലീസ്, സംഘത്തിൽ ഉൾപ്പെട്ട നീണ്ടകര പവിഴത്ത് വീട്ടിൽ അഘോഷിനെ പിടികൂടിയിരുന്നു.എന്നാൽ സംഭവ ശേഷം ഒളിവിൽ പോയ ഒന്നാം പ്രതിയായ രാഹുലിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാൾ ചവറ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ചവറ ഇൻസ്‌പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ അനിൽ,മനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.