
പ്രതികൾ തപാൽ ജീവനക്കാർ; കൊലക്കുറ്റം ചുമത്തി
കൊച്ചി: വളർത്തുനായയ്ക്കു നേരെ ചെരുപ്പെറിഞ്ഞതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ഉത്തരേന്ത്യൻ യുവാക്കളുടെ മർദ്ദനത്തിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കേരള ഹൈക്കോടതി ജീവനക്കാരൻ എറണാകുളം മുല്ലശേരി കനാൽ റോഡിൽ തോട്ടുങ്കിൽപറമ്പിൽ വീട്ടിൽ പി.ബി. വിനോദ് (53) മരിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്രിസ് സതീഷ് നൈനാന്റെ ഡ്രൈവറായിരുന്നു. കഴുത്തിലെ ഞരമ്പുകൾക്ക് സാരമായി ക്ഷതമേറ്റ് കഴിഞ്ഞ 25 മുതൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11നായിരുന്നു മരണം. ഭാര്യ: സിന്ധു. മക്കൾ: ദേവേശ്വർ (കോതമംഗലം എം.എ കോളേജ് ബി.കോം വിദ്യാർത്ഥി), ദിയ (അമൃത നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥിനി). കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി വളപ്പിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. ഫുട്ബാൾ താരമായിരുന്ന വിനോദ് മൃഗസ്നേഹിയുമായിരുന്നു. മർദ്ദനക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കൊലക്കുറ്റം ചുമത്തി. തപാൽവകുപ്പിൽ പോസ്റ്റൽ അസിസ്റ്റന്റുമാരായ ഉത്തർപ്രദേശ് സ്വദേശികളായ അശ്വനി ഗോൾക്കർ (27), കുശാൽ ഗുപ്ത (27), രാജസ്ഥാൻകാരൻ ഉത്കർഷ് (25), ഹരിയാന സ്വദേശി ഗോഹാന ദീപക് (26) എന്നിവരാണ് പ്രതികൾ.
കഴിഞ്ഞമാസം 25ന് രാത്രി 10മണിയോടെയാണ് സംഭവം. വിനോദിന്റെ വീടിനു സമീപത്തെ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് പ്രതികൾ. വീട്ടിലെത്തിയ സുഹൃത്തുക്കളെ യാത്രയാക്കാൻ നാലുപേരും പുറത്തേക്കിറങ്ങവെ വിനോദിന്റെ ലാബ്രഡോർ നായ നിറുത്താതെ കുരച്ചത് യുവാക്കളെ ചൊടിപ്പിച്ചു. ഒരാൾ ചെരുപ്പൂരി എറിഞ്ഞു. ഇതിനെ വിനോദ് ചോദ്യംചെയ്‌തോടെ വാക്കുതർക്കവും തമ്മിൽത്തല്ലുമായി. ഒന്നാംപ്രതി അശ്വനി ഗോൾകർ വിനോദിന്റെ കഴുത്തിൽ പിടിത്തമിട്ടു. മറ്റുള്ളവർ മർദ്ദിച്ചു.
പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും അശ്വിനി ഗോൾകർ കഴുത്തിൽനിന്ന് പിടിവിട്ടില്ല. നാട്ടുകാർ ചേർന്ന് മോചിപ്പിച്ചപ്പോഴേക്കും വിനോദ് അവശനായിരുന്നു. പ്രതികളെ പ്രദേശവാസികൾ തടഞ്ഞുവയ്ക്കുകയും വിനോദിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പുതുതായി ജോലിലഭിച്ച് മൂന്നാഴ്ച മുമ്പാണ് പ്രതികൾ എറണാകുളത്ത് എത്തിയത്. അശ്വിനി ഗോൾകറിന് കടവന്ത്രയിലും മറ്റുള്ളവർക്ക് എറണാകുളം റീജിയണൽ തപാൽ ഓഫീസിലുമായിരുന്നു നിയമനം.