
കൊച്ചി: ആഗോള മേഖലയിലെ ചലനങ്ങളുടെ കരുത്തിൽ സ്വർണ, ഓഹരി വിപണികളിൽ റെക്കാഡ് കുതിപ്പ് തുടരുന്നു. വിദേശ നിക്ഷേപകരുടെ പണമൊഴുക്കും അമേരിക്കൻ ഡോളറിന്റെ ദൗർബല്യവും വിപണിക്ക് അനുകൂലമായി.
സ്വർണ വില പറക്കുന്നു
അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി കുറയുന്നുവെന്ന വാർത്തകൾ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ വൻ കുതിപ്പ് സൃഷ്ടിച്ചു. സിംഗപ്പൂർ വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2258 ഡോളറിന് അടുത്തെത്തി. ഇതോടെ കേരളത്തിലെ സ്വർണ വില പവന് 680 രൂപ ഉയർന്ന് 50,880 രൂപയെന്ന പുതിയ റെക്കാഡിട്ടു. ഗ്രാമിന്റെ വില 85 രൂപ ഉയർന്ന് 6,360 രൂപയിലെത്തി. വെള്ളിയാഴ്ച ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണ വില പവന് 50,400 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച പവൻ വില 200 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്നലെ വീണ്ടും കുതിച്ചുയർന്നത്.
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ കുറച്ചേക്കുമെന്ന വാർത്തകളാണ് സ്വർണത്തിലേക്ക് പണമൊഴുക്ക് കൂട്ടുന്നത്. ആഗോള സാമ്പത്തിക മാന്ദ്യ സാദ്ധ്യതകളും സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നു. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഏപ്രിലിൽ സ്വർണ വില പവന് 55,000 രൂപ കവിയുമെന്നാണ് ധന വിദഗ്ദ്ധർ പ്രവചിക്കുന്നത്.
അതേസമയം സ്വർണ വില കുതിച്ചുയർന്നതോടെ സംസ്ഥാനത്തെ ജുവലറികളിൽ സ്വർണ വില്പന മന്ദഗതിയിലായി.
ഓഹരികൾ പുതിയ ഉയരങ്ങളിലേക്ക്
പുതിയ സാമ്പത്തിക വർഷത്തെ ആദ്യ വ്യാപാര ദിനത്തിൽ മികച്ച കുതിപ്പോടെ സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കാഡുകൾ കീഴടക്കി. വാഹന മേഖലയിൽ ഒഴികെയുള്ള ഓഹരികളിൽ ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി. ബോംബെ ഓഹരി സൂചിക 363.20 ഉയർന്ന് 74,014.55ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചിക 135.1 പോയിന്റ് വർദ്ധിച്ച് 22,462ൽ അവസാനിച്ചു. ഇന്നലെ ഇരു സൂചികകളും ഒരവസരത്തിൽ റെക്കാഡ് പുതുക്കിയിരുന്നു. ടാറ്റ സ്റ്റീൽ, അദാനി പോർട്ട്സ്, ശ്രീറാം ഫിനാൻസ് തുടങ്ങിയവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച നിക്ഷേപ താത്പര്യം ദൃശ്യമായി.