s

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ചിന്ദ്വാര മേയറും കോൺഗ്രസ് നേതാവുമായ വിക്രം അഹാകെ ബി.ജെ.പിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ മകൻ നകുൽ നാഥ് മത്സരിക്കുന്ന ചിന്ദ്വാരയിൽ നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ഈ കൂറുമാറ്റം കോൺഗ്രസിന് തിരിച്ചടിയാണ്.

ഭോപ്പാലിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ വി.ഡി.ശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിക്രം അഹാകെ അംഗത്വമെടുത്തു. ചിന്ദ്വാര എം.പി നകുൽനാഥ് ആദിവാസി വിഭാഗത്തെ അപമാനിച്ചെന്നും ഇങ്ങനെയുള്ള പാർട്ടിയോടൊപ്പം നിൽക്കാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് വിക്രം അഹാകെ പാർട്ടി വിട്ടതെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പ്രതികരിച്ചു. മദ്ധ്യപ്രദേശിലെ ഏക കോൺഗ്രസ് എം.പിയാണ്‌ നകുൽനാഥ്. ചിന്ദ്വാര ജില്ലയിലെ അമർവാഡ എം.എൽ.എയായ കമലേഷ് ഷായും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു.