election

തിരുവനന്തപുരം: കാസർകോട് റിയാസ് മൗലവി വധക്കേസിലെ ആർ.എസ്.എസുകാരായ മൂന്ന് പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് പൊലീസിനും പ്രോസിക്യൂഷനും സർക്കാരിനുമെതിരെ ഉയരുന്ന വിവാദങ്ങൾ, കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹ.ബാങ്കിൽ സി.പി.എമ്മിന് അഞ്ച് അക്കൗണ്ടുകളുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ, കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും മനുഷ്യ വേട്ട, കടലാക്രമണത്തിൽ ഭീതിയിലാണ്ടു കഴിയുന്ന തീരദേശ വാസികളുടെ സംരക്ഷണത്തിലെ വീഴ്ച, സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശിക വിതരണത്തിന് വെല്ലുവിളി ഉയർത്തി, കടമെടുപ്പ് കേസിൽ സുപ്രീം കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടി-സംസ്ഥാനത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കെ, പ്രതിപക്ഷത്തിന് വീണ് കിട്ടിയത് സർക്കാരിനെയും, മുന്നണിയെയും പ്രതിക്കൂട്ടിലാക്കുന്ന മൂർച്ചയേറിയ പുതിയ ആയുധങ്ങൾ.

പൗരത്വ ഭേദഗതി നിയമം മുഖ്യ പ്രചാരണായുധമാക്കി മലബാറിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്നലെ കോഴിക്കോട്ട് തുടക്കം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വാർത്താസമ്മേളനം വിളിച്ചത് തന്നെ കാസർകോട് റിയാസ് മൗലവി വധക്കേസ് വിധിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊണ്ടാണ്. കേസിലെ ആർ.എസ്.എസുകാരായ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി വിധിയിലെ ചില പരാമർശങ്ങൾ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനും തിരഞ്ഞെടുപ്പിൽ മത വികാരം ആളിക്കത്തിക്കാനുമുള്ള യു.ഡി.എഫിന്റെ നീക്കങ്ങളും അദ്ദേഹം മുന്നിൽക്കണ്ടു.

കേസന്വേഷണത്തിൽ പൊലീസും പ്രോസിക്യൂഷനും, സർക്കാരും തികഞ്ഞ ജാഗ്രതയാണ് പുലർത്തിയതെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും സമർത്ഥിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. രാത്രി മദ്രസയിൽ കടന്ന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ മൂന്ന് പ്രതികളെയും 96 മണിക്കൂറിനകം പൊലീസ് പിടി കൂടി. പ്രതികൾക്കെതിരെ 85 ദിവസത്തിനകം കുറ്റപത്രം സർമർപ്പിച്ചു. മൗലവിയുടെ ഭാര്യ നിർദ്ദേശിച്ച അഭിഭാഷകനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാക്കി. പ്രതികൾക്ക് ഏഴ് വർഷവും ഏഴ് ദിവസവും പുറത്തിറങ്ങാനാവാതെ വിചാരണത്തടവിലായിരുന്നു. എന്നിട്ടും പ്രോസിക്യൂഷന്റെ വാദം കോടതി ഉൾക്കൊണ്ടില്ലെന്ന് വാദിച്ച മുഖ്യമന്ത്രി, പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറപ്പും നൽകി.

 സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് യു.ഡി.എഫ്

മുഖ്യമന്ത്രിയുടെ വാദവും ഉറപ്പും വിവാദത്തീ കെടുത്താൻ എത്ര പര്യാപ്തമാവുമെന്ന് കണ്ടറിയണം. വിശേഷിച്ച് വിധിക്ക് പിന്നിലെ സി.പി.എം-ബി.ജെ.പി ഒത്തുകളി ആരോപണം കോൺഗ്രസും മുസ്ലിം ലീഗും ശക്തമാക്കുമ്പോൾ. കൊലപാതകികൾക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ പോലും പൊലീസിനും

പ്രോസിക്യൂഷനും കഴിഞ്ഞില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നതെന്ന് വിചാരണക്കോടതി വിധിയിലുണ്ട്. കേസിലെ എല്ലാ സാക്ഷികളെയും വിസ്തരിച്ചതുമില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ നേരിടാതെ, പൗരത്വ ഭേദഗതി നിയമം ഉയർത്തിപ്പിടിച്ച് മാത്രം സർക്കാരിന് മുന്നോട്ട് പോകാനാവില്ല. വാർത്താസമ്മളനത്തിൽ ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. വണ്ടിപ്പെരിയാർ കേസിലേതുപോലുള്ള

ഗൂഢാലോചന നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചപ്പോൾ,'തെങ്ങിൽ നിന്ന് വീണയാളിന് ചെറിയ പരിക്കേയുള്ളൂ, പക്ഷേ തല പോയി"എന്നു പറ‌ഞ്ഞതുപോലെ ആയിപ്പോയി എന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം.