
കറാച്ചി: തോഷാഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (തെഹ്‌രീക് - ഇ - ഇൻസാഫ് ) നേതാവുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ചുമത്തിയ 14 വർഷം കഠിന തടവ് ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷയ്‌ക്കെതിരെ ഇമ്രാൻ സമർപ്പിച്ച അപ്പീൽ ഈദിന് ശേഷം പരിഗണിക്കും. മറ്റ് കേസുകൾ ഉള്ളതിനാൽ ഇരുവരും ജയിൽ മോചിതരാകില്ല.
പ്രധാനമന്ത്രിയായിരിക്കെ, വിദേശത്ത് നിന്നുൾപ്പെടെ ലഭിച്ച ഉപഹാരങ്ങൾ കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്ന കുറ്റത്തിന് ജനുവരി 31ന് പ്രത്യേക കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്. ഇരുവർക്കും 10 വർഷം ഔദ്യോഗിക പദവികൾ വഹിക്കാനാകില്ലെന്ന് വിധിച്ച കോടതി 78.7 കോടി പാകിസ്ഥാനി രൂപ വീതം പിഴയും ചുമത്തിയിരുന്നു.
സൗദി അറേബ്യൻ കിരീടാവകാശി സമ്മാനിച്ച കോടികൾ വിലമതിക്കുന്ന ആഭരണ സെറ്റ് ഇമ്രാനും ബുഷ്റയും തോഷാഖാന വകുപ്പ് ദുരുപയാഗം ചെയ്ത് ( ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പ്) കുറഞ്ഞ വിലയ്ക്ക് കൈവശപ്പെടുത്തിയെന്നാണ് കേസ്.
ശിക്ഷകളുടെ നിര
വിവിധ അഴിമതി കേസുകളെ തുടർന്ന് ഇമ്രാൻ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ
ഇമ്രാന്റെ ഇസ്ലാമാബാദിലെ വസതിയായ ബനി ഗാല സബ്‌ജയിലാക്കി ബുഷ്റയെ അവിടെ പാർപ്പിച്ചിരിക്കുന്നു
ഫെബ്രുവരി 8ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഒരാഴ്ചയ്ക്കിടെ ഇമ്രാന് മൂന്ന് തവണ തടവ് ശിക്ഷ ലഭിച്ചു
ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി വിവാഹിതരായതിന് ഫെബ്രുവരി 3ന് ഇമ്രാനും ബുഷ്റയ്ക്കും 7 വർഷം തടവ്
ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ ജനുവരി 30ന് ഇമ്രാന് 10 വർഷം തടവ്