gst

കൊച്ചി: മാർച്ചിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി(ജി. എസ്. ടി) വരുമാനം 11.5 ശതമാനം ഉയർന്ന് 1.78 ലക്ഷം കോടി രൂപയിലെത്തി. ജി.എസ്.ടി ഇനത്തിൽ ഒരു മാസത്തിൽ ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന സമാഹരണമാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ലഭിച്ച 1.87 ലക്ഷം രൂപയുടെ വരുമാനമാണ് നിലവിലുള്ള റെക്കാഡ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം ജി. എസ്. ടി വരുമാനം 11.7 ശതമാനം വർദ്ധനയോടെ 20.14 ലക്ഷം കോടി രൂപയിലെത്തി.

മാർച്ചിൽ കേന്ദ്ര വിഹിതമായി 34,532 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതമായി 43,746 കോടി രൂപയും ജി.എസ്.ടി ഇനത്തിൽ ലഭിച്ചു. സംയോജിത നികുതി വിഹിതം 87,947 കോടി രൂപയാണ്.

യു.പി.ഐ ഇടപാടുകളും റെക്കാഡ് ഉയരത്തിൽ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ യു.പി.ഐ ഇടപാടുകളിൽ 57 ശതമാനവും മൂല്യത്തിൽ 44 ശതമാനവും വളർച്ച ദൃശ്യമായി. 2023-24 വർഷത്തിൽ മൊത്തം 13,400 കോടി യു. പി. ഐ ഇടപാടുകളാണ് നടന്നത്. മൊത്തം ഇടപാടുകളുടെ മൂല്യം 200 ലക്ഷം കോടി രൂപയുടെ അടുത്തെത്തി. മാർച്ചിൽ യു. പി. ഐ ഇടപാടുകളുടെ എണ്ണം 1344 കോടിയായി ഉയർന്നു. മൂല്യം 40 ശതമാനം വർദ്ധനയോടെ 19.78 ലക്ഷം കോടി രൂപയിലെത്തി.