pp

ബെർലിൻ: ജർമ്മനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി. നിയമം നടപ്പാക്കുന്ന യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യമാണ് ജർമ്മനി. 18 വയസിന് മുകളിലുള്ളവർക്ക് 25 ഗ്രാം വരെ കഞ്ചാവ് സൂക്ഷിക്കാം. മൂന്ന് കഞ്ചാവ് ചെടികൾ വരെ വീട്ടിൽ വളർത്താം. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെയും ആരോഗ്യ സംഘടനകളുടെയും എതിർപ്പ് മറികടന്നാണ് നീക്കം. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ കലർന്ന കഞ്ചാവ് രാജ്യത്ത് ബ്ലാക്ക് മാർക്കറ്റിൽ വില്ക്കുന്നുണ്ട്. പുതിയ നിയമത്തിലൂടെ ഇവയുടെ വില്പന തടയാനാകുമെന്ന് അധികൃതർ പറയുന്നു. 18 വയസിൽ താഴെയുള്ളവർ കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമാണ്. സ്കൂളുകൾക്ക് 100 മീറ്റർ ചുറ്റളവിൽ വില്പനയും പാടില്ല.

അതേ സമയം, കഞ്ചാവ് തുടർച്ചയായി ഉപയോഗിക്കുന്നത് വിവിധ രോഗങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്യൻ രാജ്യങ്ങളായ മാൾട്ടയും ലക്‌സംബർഗും മുൻ വർഷങ്ങളിൽ കഞ്ചാവിനെ നിയമവിധേയമാക്കിയിരുന്നു.