accident

കൊല്ലം: റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ മനുഷ്യന്‍ ഒരു രാത്രി മുഴുവന്‍ കഴിഞ്ഞുകൂടിയത് നാലടി താഴ്ചയില്‍. വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ 60കാരന്റെ നിലവിളി ആരും കേട്ടില്ല. സൈക്കിളില്‍ പോകുമ്പോള്‍ ബൈക്ക് തട്ടി വീണാണ് ചവറ വരവളമുക്ക് ഗുരുമന്ദിരത്തിനുസമീപം വൃന്ദാവനത്തില്‍ സുഗുണ(60)ന് പരിക്കേറ്റത്.

കൊല്ലം നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രി പത്തുമണിക്കു ശേഷമായിരുന്നു അപകടം. ബൈക്ക് തട്ടിയതിനെ തുടര്‍ന്നാണ് ബാലന്‍സ് പോയതെന്ന് പരിക്കേറ്റ സുഗുണന്‍ പറഞ്ഞു. നാലടി താഴ്ചയിലുള്ള കിടങ്ങുപോലുള്ളിടത്തേക്കാണ് വീണത്. അവിടെനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും ആരും കേട്ടില്ല.

ഇതോടൊപ്പം സ്വന്തമായി ഫോണ്‍ ഉപയോഗിക്കുന്ന ശീലമില്ലാത്തതിനാല്‍ ആരെയും സഹായത്തിന് ബന്ധപ്പെടാനോ അപകടം പറ്റിയ കാര്യം അറിയിക്കാനോ കഴിഞ്ഞതുമില്ല. പ്രദേശത്ത് വെളിച്ചവും ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും പെട്ടെന്ന് കാണാന്‍ കഴിഞ്ഞതുമില്ല.

ഇടയ്ക്ക് ചിലര്‍ വന്ന് നോക്കിയെങ്കിലും കുഴിയില്‍ തന്നെ കിടത്തി പോവുകയായിരുന്നെന്നും സുഗുണന്‍ പറയുന്നു. രാവിലെയാണ് അതുവഴി പോയവര്‍ ശബ്ദംകേട്ട് എത്തിയത്. അതില്‍ ചിലര്‍ ചേര്‍ന്ന് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് 108 ആംബുലന്‍സ് എത്തിയത്. പിന്നീട് അവര്‍ ഫൗണ്ടേഷന്‍ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും അവിടെനിന്നു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പെയിന്റിംഗ് തൊഴിലാളിയായ സുഗുണന്‍ ശക്തികുളങ്ങരയില്‍നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.