
വിശാഖപട്ടണം : നാല് വർഷത്തിന് ശേഷം വിശാഖപട്ടണം വേദിയായ ഐ.പി.എൽ മത്സരം റിഷഭ് പന്തിന്റെ തിരിച്ചുവരവിന്റെയും വിന്റേജ് ധോണി ഷോയുടെയും വേദിയായി മാറി. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 20 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് നിശ്ചിത 20 ഓവറിൽ 191/5 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 171/6 എന്ന സ്കോറിലേ എത്താനായുള്ളൂ. തോറ്റെങ്കിലും തലയെന്ന് അത്രമേൽ ആരാധനയോടെ വിളിക്കുന്ന എം.എസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് കൺകുളിർക്കെ കണ്ട സന്തോഷത്തിലായിരുന്നു പല ചെന്നൈ ആരാധാകകരും. ഡൽഹിയുടെ രണ്ടാം ഹോം ഗ്രൗണ്ട് ആണെങ്കിലും വിശാഖപട്ടണത്തെ വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലെ ഗാലറിയിലെ സിംഹഭാഗവും ചെന്നൈ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. എട്ടാമനായിറങ്ങിയ ധോണി ഇറങ്ങി 16 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 37 റൺസാണ് നേടിയത്. ധോണി ക്രീസിലേക്കെത്തുമ്പോൾ കാതടപ്പിക്കുന്ന ആരവത്തോടെയാണ് ആരാധകർ എതിരേറ്റത്.
നേരിട്ട ആദ്യ പന്ത് തന്നെ ഫോറടിച്ചാണ് ധോണി തുടങ്ങിയത്. പിന്നാലെ പോയിന്റിൽ നൽകിയ അനായാസ ക്യാച്ച് ഖലീൽ അഹമ്മദ് വിട്ടുകളഞ്ഞു. പിന്നീട് കണ്ടത് ധോണി ഷോയായിരുന്നു.
കാറപകടത്തിൽ പരിക്കേറ്റ ് പതിന്നാല് മാസം കളത്തിന് പുറത്തായിരുന്ന റിഷഭ് പന്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരം. വൺഡൗണായി കളത്തിലിറങ്ങിയ റിഷഭ് 32 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടിച്ചു. തിരിച്ചു വരവിൽ പന്തിന്റെ ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്. സീസണിൽ ആദ്യമായി ഇറങ്ങിയ ഡൽഹി ഓപ്പണർ പ്രിഥ്വിഷായും (27 പന്തിൽ 43) കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. സീസണിലെ മൂന്ന് മത്സരങ്ങളിൽ ചെന്നൈയുടെ ആദ്യ തോൽവിയും ഡൽഹിയുടെ ആദ്യ ജയവുമാണിത്.