ipl

മുംബയ്: ഐപിഎല്ലില്‍ മുംബയ് ഇന്ത്യന്‍സ് നായകനായി ചുമതലയേറ്റത് മുതല്‍ തുടങ്ങിയ കഷ്ടകാലം ഹാര്‍ദിക് പാണ്ഡ്യയെ വിട്ട് പോകുന്ന ലക്ഷണമില്ല. സീസണിലെ ആദ്യ ഹോം മത്സരത്തിന് വാംഖഡെ സ്‌റ്റേഡിയത്തിലെത്തിയ മുംബയ്ക്കും ഹാര്‍ദിക് പാണ്ഡ്യക്കും കാര്യങ്ങള്‍ നല്ലതായിരുന്നില്ല. ടോസ് ഇടാന്‍ എത്തിയ സ്വന്തം ക്യാപ്റ്റനെ കൂകി വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്.

ഹാര്‍ദിക്കിനെ കൂകി വിളിച്ച കാണികള്‍ മുംബയ് ഇന്ത്യന്‍സ് മുന്‍ നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയ്ക്കായി ജയ് വിളിക്കുകയും ചെയ്തു. കാണികള്‍ നന്നായി പെരുമാറണമെന്ന് ടോസ് വേളയില്‍ സഞ്ജയ് മഞ്ചരേക്കര്‍ക്ക് പറയേണ്ടി വന്നെങ്കിലും അതൊന്നും കാണികള്‍ക്ക് ഹാര്‍ദിക്കിനോടുള്ള കലിപ്പ് തീരാന്‍ പോന്നതായിരുന്നില്ല.

നേരത്തെ ഹാര്‍ദിക്കിന്റെ സ്വന്തം നാടായ ഗുജറാത്തിലും മുംബയുടെ രണ്ടാം മത്സരം നടന്ന ഹൈദരാബാദിലും കാണികള്‍ കൂകി വിളിക്കുകയും രോഹിത്തിന് ജയ് വിളിക്കുകയും ചെയ്തിരുന്നു. മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

ഒരു ഇന്ത്യന്‍ താരത്തെ ഇന്ത്യന്‍ ആരാധകര്‍ കൂകി വിളിക്കുന്നുവെന്നത് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടത്. അതേസമയം, രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബയ്ക്ക് ബാറ്റിംഗ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്.

രോഹിത് ശര്‍മ്മ ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തി ഹിറ്റ്മാന്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താകുകയും ചെയ്തു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ സഞ്ജുവാണ് രോഹിത്തിനെ മടക്കിയത്. പിന്നീട് നമന്‍ ധീര്‍, ഡിവാള്‍ഡ് ബ്രെവിസ് എന്നിവരും ഗോള്‍ഡന്‍ ഡക്കായി പുറത്തായി.