saree

ധാക്ക: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രധാനമന്ത്രി ഷേഖ് ഹസീന. ഇന്ത്യയെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുന്ന നേതാക്കള്‍ തങ്ങളുടെ ഭാര്യമാര്‍ ഇന്ത്യയില്‍ നിന്നുള്ള എത്ര സാരികള്‍ ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കണം. ഇന്ത്യയില്‍ പോയി സാരി വാങ്ങി ബംഗ്ലാദേശില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തി പണം സമ്പാദിച്ച നിരവധിപേരെ തനിക്ക് അറിയാമെന്നും അവര്‍ പറഞ്ഞു.

ആദ്യം ഇന്ത്യയില്‍ നിന്ന് വാങ്ങിയ ഉത്പന്നങ്ങള്‍ നിങ്ങള്‍ ബഹിഷ്‌കരിക്കൂ, ഭാര്യമാരുടെ സാരികള്‍ കത്തിക്കൂ, എന്നിട്ടാകാം ഇന്ത്യയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്- ഷേഖ് ഹസീന പറഞ്ഞു. ഈ വര്‍ഷം ആദ്യം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഷേഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി തുടര്‍ച്ചയായി നാലാം തവണയും അധികാരത്തില്‍ എത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ബാഹ്യ ഇടപെടലുണ്ടായി എന്നുമാണ് നാഷണല്‍ പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്.

മുമ്പ് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി രാജ്യം ഭരിച്ചിരുന്നപ്പോള്‍ ആ പാര്‍ട്ടിയിലെ നേതാക്കന്‍മാരുടെ ഭാര്യമാര്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കാന്‍ അവിടേക്ക് പറന്നതും സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതും തനിക്ക് ഓര്‍മ്മയുണ്ടെന്നും ഹസീന പറഞ്ഞു. ബിഎന്‍പി നേതാവ് റുഹുല്‍ കബീര്‍ തന്റെ കശ്മീരി ഷാള്‍ വലിച്ചെറിഞ്ഞ് നടത്തിയ ആഹ്വാനത്തിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ ഇന്ത്യാ ബഹിഷ്‌കരണം ആരംഭിച്ചത്. ഷേഖ് ഹസീനയ്ക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യയില്‍ നിന്ന് സഹായം കിട്ടിയെന്നാണ് ബിഎന്‍പി നേതാക്കള്‍ ആരോപിക്കുന്നത്.

ഷേഖ് ഹസീന ബംഗ്ലാദേശില്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ മാത്രമേ ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് അവര്‍ക്ക് തന്നെ അറിയാവുന്നത് കൊണ്ടാണ് ഇത്തരമൊരു സഖ്യം നിലനില്‍ക്കുന്നതെന്നും ബിഎന്‍പി നേതാക്കള്‍ ആരോപിക്കുന്നു.ഇന്ത്യന്‍ സാരി മാത്രമല്ല ഷെയ്ഖ് ഹസീന പരാമര്‍ശിച്ചത്. 'ഇന്ത്യന്‍ മസാലകളെയും പരാമര്‍ശിച്ചു.'എനിക്ക് ഒരു ചോദ്യം കൂടിയുണ്ട്. ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് 'ഗരം മസാല', ഉള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങി നിരവധി ഇനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു.

എന്തുകൊണ്ടാണ് ബിഎന്‍പി നേതാക്കള്‍ ഇന്ത്യന്‍ മസാലകള്‍ ഇല്ലാതെ പാചകം ചെയ്യാത്തത്? ഇന്ത്യന്‍ മസാലകള്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ കഴിയുമോ എന്ന് അവര്‍ ഉത്തരം പറയണം, അവര്‍ അതിന് ഉത്തരം നല്‍കേണ്ടിവരും, ഷേഖ് ഹസീന കൂട്ടിച്ചേര്‍ത്തു.