
കായിക കേരളത്തിന്റെ ഇന്നലെകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് രവി അച്ചൻ. ക്രിക്കറ്റിൽ കേരളം ഒന്നുമല്ലാതിരുന്ന കാലത്ത് ഈ രംഗത്തേക്കുള്ള രവി അച്ചന്റെ വരവ് ആവേശം പകർന്നു. 1952 മുതൽ 1970 വരെ കേരളത്തിനുവേണ്ടി 55 രഞ്ജി മത്സരങ്ങൾ കളിച്ച് 125 വിക്കറ്റും 1107 റൺസും നേടിയ പ്രതിഭാശാലി.കേരളം കളിച്ച രണ്ടാമത്തെ രഞ്ജി മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 41 വയസുവരെ രഞ്ജിയിൽ കളിച്ചു. കേരളത്തിൽ രഞ്ജി ടീമിന് ഒരു പരിശീലന ക്യാമ്പുപോലും ഇല്ലാതിരുന്ന കാലത്താണ് രവി അച്ചൻ കളിച്ചത്. തിരു കൊച്ചി ടീമിന് വേണ്ടി 1952ൽ തിരുവനന്തപുരത്ത് മൈസൂരിന് എതിരെയായിരുന്നു ആദ്യ മത്സരം. ആ കളിയിൽ 43 റൺസ് നേടി. 1969/70 സീസണിൽ മദ്രാസിനെതിരെ തിരുനെൽവേലിയിലായിരുന്നു അവസാന മത്സരം. ആ മത്സരത്തിൽ നേടിയ 70 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. കളിക്കാൻവേണ്ടി റിസർവേഷനില്ലാത്ത കമ്പാർട്ടുമെന്റുകളിലായിരുന്നു അന്നത്തെ ടീമിന്റെ യാത്ര. 10 മത്സരങ്ങളിൽ കേരള ടീമിനെ നയിച്ചു.
കേരളത്തിലെ ആദ്യത്തെ ആൾറൗണ്ടർമാരിൽ പ്രധാനിയായിരുന്നു രവി അച്ചൻ. രഞ്ജിയിൽ 1000 റൺസും 100 വിക്കറ്റും തികച്ച ആദ്യത്തെ കേരള കളിക്കാരനാണ് . സ്വന്തം നഗരമായ തൃപ്പൂണിത്തുറയിലെ പൂജ ക്ലബിനുവേണ്ടി കളിച്ചുതുടങ്ങിയ അദ്ദേഹം ക്രീസ് വിട്ടശേഷം കുറച്ചുകാലം സെലക്ടറായി പ്രവർത്തിച്ചു. പക്ഷേ ക്രിക്കറ്റിന്റെ ഭരണരംഗത്തേക്ക് കടന്നില്ല. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചതാണ് ഇതിന് ഏക അപവാദം. അദ്ദേഹത്തിന്റെ മകൻ റാംമോഹനും കേരളത്തിന് വേണ്ടി രഞ്ജി കളിച്ച താരമാണ്.
”1940 കളുടെ മധ്യത്തിൽ ചിദംബരത്തെ അണ്ണാമലൈ സർവകലാശാലയിൽ ബി.എസ്‌സിക്ക് പഠിക്കുമ്പോൾ ചില വിദ്യാർത്ഥികൾ മദ്രാസിനു പോകുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അവിടെ ഇംഗ്ലീഷുകാരൻ ആർബർട്ട് വെൻസ്ലിയുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാനാണ് ഇവർ പോയത്. മദ്രാസിൽനിന്ന് മടങ്ങിവന്ന വിദ്യാർത്ഥികൾ കളിക്കുന്ന രീതി പാടെ മാറിയതായി മനസിലാക്കി. അവരിൽനിന്നാണ് കളി കൂടുതൽ പഠിച്ചത് ”- ഒരു അഭിമുഖത്തിൽ രവി അച്ചൻ പറഞ്ഞു. പ്രായം 90 പിന്നിട്ടിട്ടും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതിൽ അദ്ദേഹം ഏറെ തത്പരനായിരുന്നു.