
മുംബയ്: കളത്തിന് പുറത്തും അകത്തും മുംബയ് ഇന്ത്യന്‍സിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. സീസണില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബയ് ഇന്ത്യന്‍സ്. ആറ് വിക്കറ്റിനാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മുംബയ് ഇന്ത്യന്‍സിനെ വാംഖഡെ സ്‌റ്റേഡിയത്തില്‍ മറികടന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് ഉയര്‍ത്തിയ 126 റണ്‍സ് വെറും 15.3 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 54 റണ്‍സ് നേടിയ റിയാന്‍ പരാഗിന്റെ ഇന്നിംഗ്‌സാണ് രാജസ്ഥാന് അനായാസജയം സമ്മാനിച്ചത്. യശ്വസി ജയ്‌സ്‌വാള്‍ 10(6), ജോസ് ബട്‌ലര്‍ 13(16), സഞ്ജു സാംസണ്‍ 12(10), രവിചന്ദ്രന്‍ ്അശ്വിന്‍ 16(16), ശുഭം ദൂബെ 8*(6) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. മുംബയ്ക്ക് വേണ്ടി ആകാശ് മദ്‌വാള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്വെന മഫാക ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ബാറ്റിംഗ് തകര്‍ച്ചയോടെയാണ് മുംബയ് ഇന്ത്യന്‍സ് തുടങ്ങിയത്. രോഹിത് ശര്‍മ്മ ഉള്‍പ്പെടെ മൂന്ന് താരങ്ങളാണ് ഗോള്‍ഡന്‍ ഡക്കായി പുറത്തായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ട്, ചഹല്‍ എന്നിവരാണ് മുംബയ് ബാറ്റിംഗ് നിരയെ പിടിച്ച് നിര്‍ത്തിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, യുവതാരം തിലക് വര്‍മ എന്നിവര്‍ക്കൊഴികെ ആര്‍ക്കും മുംബയ് നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. സീസണിലെ മൂന്ന് മത്സരങ്ങളും തോറ്റ് ഏറ്റവും അവസാന സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍.