
തൃശൂർ: മതവിശ്വാസത്തിൻ്റെ പേരില്‍ എൻ.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്കു വേണ്ടി
ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ത്ഥിച്ചത് സംബന്ധിച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
'ശ്രീരാമഭഗവാനെ മനസില്‍ ധ്യാനിച്ച് സുരേഷ്‌ഗോപിയ്ക്ക് വോട്ട് ചെയ്യണം' എന്നായിരുന്നു അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചത്. മാർച്ച് 30 ന് വൈകിട്ട് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു അഭ്യർത്ഥന. ഇത് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന്
എൽ.ഡി.എഫ് തൃശൂർ പാർലമെൻ്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ സുരേഷ്‌ഗോപി പങ്കെടുത്തിരുന്നു. വിശദമായ അന്വേഷണം നടത്തി സുരേഷ്ഗോപിക്കെതിരെയും അബ്ദുള്ളക്കുട്ടിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.