
മുണ്ടക്കയം: കനത്ത ചൂടിനിടയില്‍ നാടിനു പ്രതീക്ഷ നല്‍കി വേനല്‍മഴ പെയ്തെങ്കിലും കുടിവെളളത്തിനായുള്ള നാട്ടുകാരുടെ നെട്ടോട്ടം തുടരുകയാണ്. മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ വിവിധയിടങ്ങളില്‍ കുടിനീര് കിട്ടാക്കനിയാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെളളമില്ലാതെ വലയുന്നു. ചില മേഖലകളില്‍ ലോറിയില്‍ പഞ്ചായത്ത് വെളളം എത്തിച്ചു നല്‍കുന്നുണ്ടെന്നത് ആശ്വാസമാണ്. മലയോരമേഖലയിലെ പ്രധാന ജലസ്രോതസുകളായ മണിമലയാര്‍, പുല്ലകയാര്‍, അഴുതയാര്‍ എന്നിവ വറ്റിവരണ്ടിരിക്കുന്നു. തോടുകളില്‍ കുടിവെളളത്തിനായി ഓലി നിര്‍മ്മിച്ചു പരീക്ഷിച്ചിട്ടും പലയിടത്തും പ്രയോജനപ്പെട്ടില്ല.
മുണ്ടക്കയം പഞ്ചായത്തിലെ സ്രാമ്പി, വെളളനാടി, വേങ്ങക്കുന്ന്, പുഞ്ചവയല്‍, ഇഞ്ചിയാനി, ചെളിക്കുഴി, പറത്താനം, വരിക്കാനി, വണ്ടന്‍പതാല്‍, കരിനിലം, മുപ്പത്തിയൊന്നാംമൈല്‍ അടക്കം നിരവധി പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കുടിവെളള പദ്ധതി വരുമെന്ന പ്രതീക്ഷയാണ് ഭാവിയിലുളളത്. എന്നാല്‍ ഈ വേനല്‍ കടന്നുപോകും വരെ എങ്ങനെ മുന്നോട്ടു പോകുമെന്നത് ആശങ്കയാണ്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ വല്ലീറ്റ, താളുങ്കല്‍, പറത്താനം, തേന്‍പുഴ, കൊടുങ്ങ, പ്ലാപ്പളളി, ചാത്തന്‍ പ്ലാപ്പളളി തുടങ്ങിയ പ്രദേശങ്ങളില്‍ വെളളമില്ലാതെ ജനം വലയുകയാണ്. പുല്ലകയാറിന്റെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ വക്തികള്‍ നാടിന് ഓലി നിര്‍മ്മിച്ചു നല്‍കിവരുന്നുണ്ട്.
കൊക്കയാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെളളം പ്രതിസന്ധി സൃഷ്ടിക്കുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് വിവിധ പ്രദേശങ്ങളില്‍ വെളളം ശേഖരിക്കുന്നത്. പഞ്ചയാത്ത് വിവിധ ഭാഗങ്ങളില്‍ ഓലികള്‍ നിര്‍മ്മിച്ചെങ്കിലും ജലക്ഷാമം രൂക്ഷമായ മേഖലകളെ അവഗണിച്ചതായും പരാതി ഉയര്‍ന്നു. മേലോരം ,പട്ടിക്കുന്ന്, വെംബ്ലി, വടക്കേമല, കനകപുരം, കുറ്റിപ്ലാങ്ങാട് പ്രദേശങ്ങളില്‍ വെളളം കിട്ടാതെ നാട് പെടാപ്പാടിലാണ്. കോരുത്തോട് പഞ്ചായത്തിന്റെ അവസ്ഥയും ഭിന്നമല്ല.