
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളത്തിന്റെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കള്ളക്കടൽ പ്രതിഭാസം ഇന്നുകൂടി തുടരുമെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരളതീരത്തും ലക്ഷദ്വീപിലും 2024 മാർച്ച് 31-ന് രാവിലെയാണ് ഉയർന്ന തിരമാലകൾ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ പ്രവണത കാണാനും മെല്ലെ ഇവ ദുർബലമാകാനുമുളള സാദ്ധ്യതയാണ് INCOIS അറിയിച്ചിട്ടുള്ളത്. ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കള്ളക്കടൽ അഥവാ സ്വെൽ സർജ് അലേർട്ട് 2024 ഏപ്രിൽ 02വരെ തുടരാനും സാദ്ധ്യതയുണ്ട് എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) വ്യക്തമാക്കി.
തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ 2024 മാർച്ച് 23-ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ഒരു ന്യുനമർദ്ദം രൂപപ്പെടുകയും, മാർച്ച് 25 ഓടെ ഈ ന്യുനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയുണ്ടായി. ഇതിന്റെ ഫലമായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ (11 മീറ്റർ) വളരെ ഉയർന്ന തിരമാലകൾ സൃഷ്ടിക്കുകയും, ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്യുകയുണ്ടായി.
*കള്ളക്കടൽ /swell surge എന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി ചില പ്രത്യേക സമയങ്ങളിൽ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയർന്ന തിരകൾ ഉണ്ടാവുന്നതാണ്. ഇവ വടക്കോട്ട് സഞ്ചരിച്ചു ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തുകയും ചെയ്യും. ഈ തിരകൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്. ലക്ഷണങ്ങൾ കാണിക്കാതെ തിരകൾ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ "കള്ളക്കടൽ" എന്ന് വിളിക്കുന്നത്. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയുന്നതിനും കയറുന്നതിനും കാരണമാകും.