
തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്കു മാത്രമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്ടിനെ സ്വതന്ത്രകമ്പനി പദവിയിൽ നിന്നു മാറ്റാൻ ഗതാഗതവകുപ്പിൽ ആലോചന. പുതുതായി വാങ്ങുന്ന ബസുകളുടെ ആദ്യ ബാച്ച് സ്വിഫ്ടിനു നൽകുന്നതിനു പകരം കെ.എസ്.ആർ.ടി.സിക്ക് നൽകാനാണ് തീരുമാനം.
2023 ലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് പ്രകാരം ലാഭത്തിലുള്ള ഏക പൊതുമേഖല ഗതാഗത സംവിധാനം 'സ്വിഫ്ട്' ആണ്. കെ.എസ്.ആർ.ടി.സി വലിയ കടബാദ്ധ്യതയിലായിരുന്നതുകൊണ്ടുകൂടിയാണ് കിഫ്ബി വായ്പ ഉൾപ്പെടെ നേടിയെടുക്കുന്നതിന് സ്വിഫ്ട് എന്ന സ്വതന്ത്രകമ്പനി രൂപീകരിച്ചത്. സർക്കാർ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഇപ്പോൾ റിവേഴ്സ് ഗിയറിലാണ്. തിരഞ്ഞെടുപ്പിനുശേഷം 'സ്വിഫ്ട്' അഴിച്ചുപണിയുന്നതു സംബന്ധിച്ച പദ്ധതിക്ക് അന്തിമരൂപം നൽകും.
2022 ഫെബ്രുവരിലാണ് സ്വിഫ്ട് തുടങ്ങിയത്. ഇതിന്റെ രൂപീകരണത്തിന് തൊഴിലാളി സംഘടനകൾ എതിരായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ നീക്കത്തിന് പിന്തുണ ലഭിക്കും.
കെ.എസ്.ആർ.ടി.സിയിലെ സേവന വേതന വ്യവസ്ഥകളിൽ ദീർഘദൂര ബസുകൾ ഓടിക്കുമ്പോൾ പ്രവർത്തനച്ചെലവ് കൂടും. ഇതൊഴിവാക്കാൻ കരാർ ജീവനക്കാരെയാണ് സ്വിഫ്ടിൽ നിയോഗിച്ചിട്ടുള്ളത്. ബസുകളുടെ അറ്റകുറ്റപ്പണിക്ക് നിർമ്മാതാവിന് തന്നെ കരാർ നൽകുക വഴി ചെലവ് കുറയ്ക്കുകയും ചെയ്തു.
പരിഷ്കരണനീക്കം ഇങ്ങനെ
ജീവനക്കാരെ സ്വിഫ്ടിൽ നിന്നു കെ.എസ്.ആർ.ടി.സിയിലേക്കും തിരിച്ചും മാറ്റും
ദീർഘദൂര ബസുകളുടെ ഓൺലൈൻ ബുക്കിംഗ് പഴയപടി കെ.എസ്.ആർ.ടി.സിക്ക്
കണ്ടക്ടർ കം ഡ്രൈവർ സംവിധാനത്തിലും മാറ്റം
യൂണിയനുകൾ അനുകൂലിക്കും
പുതിയ ബസുകളും, ദീർഘദൂര ട്രിപ്പുകളും കൈമാറിയതാണ് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകൾക്ക് സ്വിഫ്ടിനനോടുള്ള എതിർപ്പിന് പ്രധാന കാരണം. ദീർഘദൂര ബസുകളിൽ ഡബിൾ, ട്രിപ്പിൾ ഡ്യൂട്ടി സംവിധാനമാണുള്ളത്. സ്വിഫ്ട് വന്നതോടു കൂടി കെ.എസ്.ആർ.ടി.സിയിൽ ദീർഘദൂര സർവീസുകൾക്കു പോയിരുന്ന ജീവനക്കാരിൽ നല്ലൊരു പങ്കിനും അത് നഷ്ടമായി. സ്വിഫ്ടിലെ ജീവനക്കാർ സംഘടിതരല്ലാത്തതിനാൽ അവരും പ്രത്യക്ഷമായി എതിർക്കില്ല. 1300 താത്കാലിക ജീവനക്കാരാണ് സ്വിഫ്ടിലുള്ളത്. ഇവർക്ക് പ്രത്യേക യൂണിഫോമാണ് നിലവിൽ.