
അപൂർവമായാണ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നത്. അവിശ്വസനീയമെന്ന് തോന്നുമെങ്കിലും അരുണാചൽപ്രദേശിലെ 2024 നിയമസഭ തിരഞ്ഞെടുപ്പിൽ 10 ബി.ജെ.പി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പുമുതൽ എതിരില്ലാതെയുള്ള വിജയങ്ങൾ ഉണ്ടായിട്ടുണ്ട്. 298 എം.എൽ.എമാരും 28 എം.പിമാരും ഇതുവരെ ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിലാണ് കൂടുതലും. 77 സ്ഥാനാർത്ഥികൾ ജയിച്ച നാഗാലാന്റ് നിയമസഭയാണ് ഇതിൽ മുന്നിൽ. 1957ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച ഉമേഷ് റാവുവാണ് കേരളത്തിൽ നിയമസഭയിലേക്ക് എതിരില്ലാതെ ജയിച്ച ഏക വ്യക്തി.
കൂടുതലും കോൺഗ്രസ് എം.എൽ.എമാരും എം.പിമാരുമാണ് ഈ രീതിയിൽ ജയിച്ചിട്ടുള്ളത്. 194 എം.എൽ.എമാരും 20 എം.പിമാരും.
അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി സയ്യിദ് മിർ ഖാസിമും മൂന്നുതവണ എതിരില്ലാതെ ജയിച്ചിട്ടുണ്ട്. കോൺഗ്രസിനായും ബി.ജെ.പിക്കായും ഇത്തരത്തിൽ വിജയിച്ച് മുഖ്യമന്ത്രിയായ വ്യക്തിയാണ് പേമ ഖണ്ഡു. അദ്ദേഹത്തിന്റെ മണ്ഡലമായ മുക്തോയിലാണ് ഏറ്റവും കൂടുതൽ തവണ എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. അഞ്ചുതവണ. ഖണ്ഡുവിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഡോർജി ഖണ്ഡു രണ്ടുതവണയും ഇവിടെ എതിരില്ലാതെ വിജയിച്ചു.
2012ൽ ഉത്തർപ്രദേശിലെ കനൗജിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡിംപിൾ യാദവാണ് ഏറ്റവും ഒടുവിൽ ലോക്‌സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.