s

പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥന്റെ ദുരൂഹ മരണം കേരളത്തിനേൽപ്പിച്ച മുറിവ് സമാനതകളില്ലാത്തതാണ്. ഹോസ്റ്റലിലും പുറത്തും ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയനായി ആൾക്കൂട്ട വിചാരണയിൽ കൊലചെയ്യപ്പെട്ടതെന്ന് കരുതുന്ന സംഭവം പരിഷ്കൃത സമൂഹത്തിനേറ്റ ആഘാതമാണ്. സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ വേദനയ്ക്ക് ആശ്വാസമേകുമെന്ന് കരുതിയ സർക്കാർ നടപടികളൊക്കെ കുടുംബത്തിന്റെ കണ്ണിൽ പൊടിയിട്ട് തടിതപ്പാനുള്ള തിരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നോ എന്ന് സംശയിക്കുന്നവരിൽ കുടുംബം മാത്രമല്ല, സമൂഹത്തിലെ നല്ലൊരു വിഭാഗവുമുണ്ട്. മരണത്തിനു പിന്നിലെ ദുരൂഹതകൾ നീക്കാൻ സർക്കാർ ശുപാർശ ചെയ്ത സി.ബി.ഐ അന്വേഷണം പോലും അട്ടിമറിയ്ക്കപ്പെടുമോ എന്നാണിപ്പോൾ സംശയിക്കുന്നത്.

മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ക്ളിഫ് ഹൗസിനു മുന്നിൽ സമരം ചെയ്യുമെന്ന മാതാപിതാക്കളുടെ തീരുമാനം ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രി ചതിച്ചെന്നും നീതി കിട്ടും വരെ ക്ളിഫ്ഹൗസിനു മുന്നിൽ സമരം നടത്തുമെന്നുമുള്ള പിതാവ് ജയപ്രകാശിന്റെ പ്രഖ്യാപനത്തിൽ നീതിനിഷേധമുണ്ട്. 41-ാം ചരമദിനത്തിൽ നടത്തിയ ചടങ്ങുകൾക്ക് ശേഷമാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. ഭാര്യ ഷീബയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് സമരം തുടങ്ങാൻ വൈകുന്നതെന്ന് അദ്ദേഹം പറയുന്നു. കേസന്വേഷണം സി.ബി.ഐക്ക് വിടാൻ മുഖ്യമന്ത്രി ഉത്തരവിട്ടത് മാർച്ച് 9നായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വേഗത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള തീരുമാനം അതിശയിപ്പിക്കുന്നതായിരുന്നു. സമീപകാലത്തൊന്നും ഇത്തരമൊരു കേസന്വേഷണം സി.ബി.ഐ ക്ക് നൽകിയിട്ടില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം ഇത് തിരഞ്ഞെടുപ്പ് വിഷയമാക്കിയാൽ നേരിടുന്ന തിരിച്ചടിയോർത്താകാം സർക്കാർ നീക്കമെന്നാണ് കരുതിയത്. കോൺഗ്രസ് പോഷകസംഘടനകൾ സെക്രട്ടേറിയറ്റ് നടയിൽ നടത്തിവന്ന നിരാഹാര സമരം 6 ദിവസം പിന്നിട്ടപ്പോഴാണ് പ്രഖ്യാപനം എത്തിയത്. അതോടെ സമരവും പിൻവലിച്ചു. മാതാപിതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് സി.ബി.ഐ അന്വേഷണം ഉന്നയിച്ച് മണിക്കൂറുകൾക്കുള്ളിലുണ്ടായ നടപടി കുടുംബത്തിന് ആശ്വാസമാണ് നൽകിയത്. എന്നാൽ പിന്നീട് നടന്ന കാര്യങ്ങൾ കുടുംബത്തിന്റെ സംശയം ഇരട്ടിപ്പിക്കുന്നതായി. ഉത്തരവിറങ്ങിയെങ്കിലും അത് എത്തേണ്ടിടത്ത് എത്തിക്കുന്നതിൽ ആഭ്യന്തര വകുപ്പിനുണ്ടായത് ഗുരുതരവീഴ്ചയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയക്കേണ്ട കത്ത് 15ന് അയച്ചത് കൊച്ചി സി.ബി.ഐ ഓഫീസിലേക്ക്. രേഖകൾ പ്രൊഫോർമയിൽ തയ്യാറാക്കി നൽകാൻ ആഭ്യന്തര വകുപ്പ് പൊലീസിനോടാവശ്യപ്പെട്ടത് 20ന്. ആഭ്യന്തരവകുപ്പിന് ലഭിച്ചത് 26ന്. സി.ബി.ഐ അന്വേഷണകാര്യത്തിൽ വീഴ്ചയുണ്ടായെന്ന് വ്യക്തം. വിവാദമായതോടെ സെക്രട്ടേറിയറ്റിൽ ആഭ്യന്തര വകുപ്പിലെ മൂന്ന് വനിതാ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനായി സർക്കാർ ശ്രമം. പൊലീസന്വേഷണം നിലയ്ക്കുകയും ചെയ്തു, സി.ബി.ഐ കേസ് ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നും ലഭിച്ചതുമില്ലെന്നതാണ് കുടുംബത്തെ അലട്ടുന്നത്. സി.ബി.ഐ അന്വേഷണത്തിൽ കേന്ദ്രസർക്കാർ നിലപാടും നിർണായകമാണ്.

വി.സി

പുറത്ത്

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 7 ദിവസത്തേക്ക് സസ്പെൻഡ് ചെയ്ത 90 വിദ്യാർത്ഥികളിൽ 33 പേരെ കുറ്റവിമുക്തരാക്കിയ വെറ്ററിനറി സർവകലാശാല വി.സി ഡോ. പി.സി ശശീന്ദ്രന്റെ നടപടി വിവാദമായി. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇടപെട്ട് വി.സിയുടെ നടപടി റദ്ദാക്കി. വി.സിയെ ശക്തമായ ഭാഷയിൽ ഗവർണർ താക്കീത് ചെയ്തതിനു പിന്നാലെ വി.സി രാജി വച്ചതും വഴിത്തിരിവായി. കേസന്വേഷണം സി.ബി.ഐക്ക് വിടുകയും ഗവർണർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ചിലവിദ്യാർത്ഥികളെ മാത്രം ഏകപക്ഷീയമായി കുറ്റവിമുക്തരാക്കാൻ വി.സിക്ക് എങ്ങനെ കഴിയുമെന്നാരാഞ്ഞ ഗവർണർ, ഉത്തരവ് റദ്ദാക്കാൻ വി.സിക്ക് കർശന നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് വി.സി രാജിക്കത്ത് നൽകിയത്. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പുനഃസ്ഥാപിച്ച് കോളേജ് ഡീൻ വിജ്ഞാപനവും ഇറക്കി. സിദ്ധാ‌ർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തിയതിൽ നേരിട്ട് പങ്കാളികളാകുകയോ കുറ്റകൃത്യം മറച്ചു വയ്ക്കുകയോ ചെയ്തവർക്കെതിരെ യു.ജി.സിയുടെ ആന്റിറാഗിംഗ് സ്ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്ത വിദ്യാർത്ഥികളുടെ സസ്പെൻഷനാണ് വിവാദ ഉത്തരവിലൂടെ വി.സി പിൻവലിച്ചത്. സർക്കാർ നിലപാടിനോട് കുടുംബത്തിന് സംശയം തോന്നാൻ ഇതൊക്കെ കാരണങ്ങളായി. സിദ്ധാർത്ഥൻ മരണപ്പെടുമ്പോൾ വെറ്ററിനറി വി.സി ആയിരുന്ന ഡോ.എം.ആർ ശശീന്ദ്രനാഥിനെ ചാൻസലറുടെ അധികാരം ഉപയോഗിച്ച് ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ നിയമിച്ച വി.സി ഡോ.പി.സി ശശീന്ദ്രനാണ് രാജിവച്ചൊഴിഞ്ഞത്.

പ്രതിസ്ഥാനത്ത്

എസ്.എഫ്.ഐ

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എം ആർഷോ അടക്കമുള്ള നേതാക്കൾക്ക് സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുണ്ടെന്ന ഗുരുതര ആരോപണമാണ് പിതാവ് ജയപ്രകാശും കുടുംബവും ഉന്നയിക്കുന്നത്. പ്രതിയാകേണ്ട അക്ഷയ് എന്ന വിദ്യാർത്ഥിയെ ഇടുക്കിയിലെ സി.പി.എം നേതാവ് എം.എം മണിയാണ് സംരക്ഷിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. ആർഷോ വെറ്ററിനറി കോളേജിൽ വരാറുണ്ടെന്ന് സിദ്ധാർത്ഥന്റെ സഹപാഠി അക്ഷയ് പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിന്റെ ആസൂത്രകൻ ആർഷോ ആണെന്നും സിദ്ധാർത്ഥനെ പീഡിപ്പിച്ചത് എട്ട് മാസമായി അടിയ്ക്കടി വന്ന് താമസിക്കാറുള്ള ആർഷോ അറിയാതിരിക്കുമോ എന്നും കുടുംബം ചോദിക്കുന്നു. സഹപാഠികളും കോളേജിലെ എസ്.എഫ്.ഐ നേതാക്കളും ഉൾപ്പെട്ട സംഘം സിദ്ധാർത്ഥനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് ആരോപിക്കുന്നത്. ആന്റിറാഗിംഗ് സ്ക്വാഡ് കുറ്റക്കാരെന്ന് കണ്ടെത്തിയ പെൺകുട്ടികളെ അറസ്റ്റ് ചെയ്യണം. എസ്.എഫ്.ഐയുടെ മാത്രം കുത്തകയുള്ള കലാലയത്തിൽ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട 22 പ്രതികളിൽ കോളേജ് യൂണിയൻ പ്രസിഡന്റ്, യൂണിയൻ അംഗം, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുണ്ട്. അന്വേഷണം അട്ടിമറിച്ച് എസ്.എഫ്.ഐക്കാരായ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് കുടുംബത്തിന്റെ ആരോപണം. വാലന്റൈൻസ് ദിനത്തിൽ കോളേജിൽ നടന്ന ആഘോഷങ്ങൾക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സിദ്ധാർത്ഥൻ അപമര്യാദയായി പെരുമാറിയെന്ന കഥമെനഞ്ഞായിരുന്നു പീഢനത്തിന്റെ തുടക്കം. മൂന്ന് ദിവസത്തിന് ശേഷം 18ന് ഉച്ചക്ക് 1.30ന് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ കുളിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സഹായത്തിനായി ഇനി കമ്മ്യൂണിസ്റ്റുകാരെ സമീപിക്കില്ലെന്ന് പറയുന്ന ജയപ്രകാശ് ഉയർത്തുന്ന ചോദ്യങ്ങൾ പൊതുസമൂഹത്തിന്റെ കൂടി സംശയങ്ങളാണ്. ശരീരം മുറിവില്ലാതെ എങ്ങനെ ചതച്ച് റെഡിയാക്കാം എന്ന് പരിശീലനം ലഭിച്ച നക്സൽ തീവ്രവാദികളെപ്പോലെയാണ് എസ്.എഫ്.ഐക്കാർ മകനെ പീഡിപ്പിച്ച് കൊന്നത്. നീതികിട്ടാൻ ഏതറ്റം വരെയും പോകുമെന്ന ജയപ്രകാശിന്റെ നിലപാടിനൊപ്പം നിൽക്കാൻ കേരളം തയ്യാറാകേണ്ടതുണ്ട്.