
നടി മൃണാൾ താക്കൂറുമായുളള അനുഭവം പങ്കുവച്ച് നടൻ വിജയ് ദേവരകൊണ്ട. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ ദ ഫാമിലി സ്റ്റാറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് നടൻ മൃണാളിന്റെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായത്. ഫാമിലി സ്റ്റാറിന്റെ ചിത്രീകരണ സമയത്ത് സംവിധായകൻ പരശുറാമും നായികയായ മൃണാളും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞു.
'താൻ അഭിനയത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതിന് മുൻപ് മൃണാൾ സിനിമാ മേഖലയിലുണ്ട്. ചെറിയ പ്രായം മുതലേ അവർക്ക് അഭിനയം പ്രിയമാണ്. ഭാഷ അറിയില്ലെങ്കിൽ പോലും മൃണാളിന്റെ മുഖത്തെഭാവം കൃത്യമായിരിക്കും. അത് എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. സംവിധായകൻ പറയുന്ന കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാനുളള കഴിവ് മൃണാളിനുണ്ട്. അവരുടെ സൗന്ദര്യം ദൈവം പ്രത്യേകം അനുഗ്രഹിച്ച് കൊടുത്തതാണ്. മൃണാളിന്റെ കണ്ണുകൾക്കും മൂക്കിനും ചുണ്ടുകൾക്കും വേറിട്ട ഭംഗിയാണുളളത്'- വിജയ് ദേവരകൊണ്ട പറഞ്ഞു.

ഫാമിലി സ്റ്റാർ ഈ മാസം അഞ്ചിനാണ് തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്. ഗീതാ ഗോവിന്ദത്തിന് ശേഷം വിജയ് ദേവരകൊണ്ടയും പരശുറാമും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദ ഫാമിലി സ്റ്റാർ. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം സർക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. സംഗീതം ഗോപി സുന്ദർ, ഛായാഗ്രഹണം കെയു മോഹനൻ, പിആർഒ പി ശിവപ്രസാദ്.