-china

ലോകം നിരവധി മാറ്റങ്ങൾക്കാണ് ഇപ്പോൾ വിധേയമാകുന്നത്. ഓരോ വിഷയങ്ങളിലുമുള്ള ജനങ്ങളുടെ സമീപനം ആയാലും അങ്ങനെ തന്നെ. പ്രണയം, വിവാഹം എന്നിവയെ കുറിച്ച് ജനങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപാടുകളുണ്ട്. അത്തരത്തിൽ പ്രണയത്തെക്കുറിച്ച് പഠിക്കാൻ ഒരു കോഴ്സ് രൂപീകരിച്ചിരിക്കുകയാണ് ചെെന.

സ്കൂൾ ഓഫ് ജിയോഗ്രാഫിക് സയൻസസിലെ ഈസ്റ്റ് ചെെന നോർമൽ യൂണിവേഴ്സിറ്റിയിലെ ലക്‌ചററായ ഗോംഗ് ലിയാണ് ഈ കോഴ്സ് നടത്തുന്നത്. എല്ലാ ബിരുദ വിദ്യാർത്ഥികൾക്കും ഈ കോഴ്സ് എടുത്ത് പഠിക്കാം. ഈ കോഴ്സിന്റെ ദെെർഘ്യം 36 മണിക്കൂറാണ്. കൂടുതലും പെൺകുട്ടികളാണ് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നത്. അദ്ധ്യാപകൻ പ്രണയത്തെക്കുറിച്ചും മറ്റും പഠിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വെെറലാണ്. കുഞ്ഞ് ജനിക്കുന്ന വിഷയത്തെക്കുറിച്ചും പെൺകുട്ടികളുടെ മേക്കപ്പിനെക്കുറിച്ച് പുരുഷന്മാരെ എങ്ങനെ ആകർഷിക്കാമെന്നും ഈ കോഴ്സിൽ പഠിപ്പിക്കുന്നതായാണ് വിവരം.

എന്നാൽ ഈ കോഴ്സിന് നേരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. പെൺകുട്ടികൾ പുരുഷന്മാരെ ആകർഷിപ്പിക്കാൻ എന്ത് ചെയ്യണമെന്നാണ് പഠിപ്പിക്കുന്നതെന്ന് 2022ൽ ഈ കോഴ്സിൽ പഠിച്ച വിദ്യാ‌ർത്ഥിനി പറഞ്ഞു. ഈ വിഷയത്തിൽ നല്ല മാർക്ക് ലഭിക്കുന്നതിനാലാണ് ഈ കോഴ്സ് പല കുട്ടികളും തിരഞ്ഞെടുക്കുന്നതെന്നും ഒരു വിദ്യാർത്ഥിനി പറഞ്ഞു. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ മാർച്ച് 13ന് സർവകലാശാല ഈ കോഴ്സ് താൽക്കാലികമായി നിർത്തിവച്ചു.