
കുഞ്ഞ് ഉണ്ടെങ്കിൽ മാത്രമേ കുടുംബം പൂർണമാകുകയുള്ളു എന്ന് പലരും പറയാറുണ്ട്. എന്നാൽ, ഇപ്പോഴത്തെ കാലത്ത് കുട്ടികൾ വേണ്ടെന്ന് വയ്‌ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഒരു പ്രായത്തിലെത്തുമ്പോൾ വന്ധ്യതയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം കുട്ടികളുണ്ടാകുന്നത് ബുദ്ധിമുട്ടാകും. ഇതുപോലുള്ളവർ സ്വീകരിക്കുന്ന മാർഗമാണ് ദത്തെടുക്കൽ. ഇവർ മാത്രമല്ല, വിവാഹ ജീവിതത്തോട് താൽപ്പര്യമില്ലാതെ ഒറ്റയ്‌ക്ക് കഴിയുന്നവരും കുട്ടികളെ ദത്തെടുക്കാറുണ്ട്. എന്നിരുന്നാലും ചിലർ കുട്ടികളെ ദത്തെടുക്കാൻ വിയോജിപ്പ് കാണിക്കുന്നു. ഇതിന്റെ കാരണം എന്താണെന്നും ദത്തെടുക്കാൻ എന്തൊക്കെ കാര്യങ്ങളാണ് അറിഞ്ഞിരിക്കേണ്ടതെന്നും നോക്കാം.
കൊവിഡ് മഹാമാരിയുടെ കാലത്ത് 18 വയസിന് താഴെയുള്ള അനാഥരായ കുട്ടികളുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും എണ്ണം വർദ്ധിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് ദത്തെടുക്കൽ പ്രക്രിയ വേഗത്തിലാക്കാനായി ഇന്ത്യ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പരിഷ്‌കരിച്ചു.

ഏകദേശം മൂന്ന് കോടി അനാഥരാണ് നമ്മുടെ രാജ്യത്തുള്ളത്. ഇതിൽ ഉപേക്ഷിക്കപ്പെട്ട പത്ത് കുട്ടികളിൽ ഒമ്പതും പെൺകുട്ടികളാണ്. സർക്കാർ കണക്കുകൾ പ്രകാരം 2023 ഏപ്രിലിനും 2024 മാർച്ചിനുമിടയിൽ 4009 കുട്ടികൾ ദത്തെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തുള്ളവരും കുട്ടികളെ സ്വീകരിച്ചവരിലുണ്ട്. 2022 - 23ൽ 3,441 ദത്തെടുക്കൽ നടന്നിരുന്നു. അതിന് മുമ്പ് 3,405 ആയിരുന്നു. 2015 - 16 കാലയളവിൽ 3,560 ആയിരുന്നു. ഇതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
കൂടാതെ ഈ വർഷം ദത്തെടുത്തതിൽ 449പേർ നമ്മുടെ രാജ്യത്തിലുള്ളവർ തന്നെയാണെന്നാണ് വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് അതോറിറ്റി ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. ബന്ധുക്കൾ ദത്തെടുത്ത കുട്ടികളുടെ എണ്ണം 311ഉം, രണ്ടാനമ്മ, രണ്ടാനച്ഛൻ എന്നിവർ ദത്തെടുത്ത കുട്ടികളുടെ എണ്ണം 101ഉം, രക്തബന്ധത്തിലുള്ളവർ ദത്തെടുത്ത കുട്ടികളുടെ എണ്ണം 18ഉം ആണ്.
2020 -21ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ദത്തെടുക്കൽ നടന്നിട്ടുള്ളത് മഹാരാഷ്ട്രയിലാണ് (593). രണ്ടാമത് തമിഴ്‌നാട് (353), കർണാടക (227), ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ (197 ) എന്നിങ്ങനെയാണ്. ഓരോ വർഷവും പെൺകുട്ടികളെയാണ് കൂടുതൽപേരും ദത്തെടുക്കുന്നത്. ഇതേ വർഷത്തിൽ രാജ്യാന്തര ദത്തെടുക്കലിൽ യു എസ് (217), ഇറ്റലി (65), സ്‌പെയിൻ (34), മാൾട്ട (25), കാനഡ (24) എന്നിങ്ങനെയാണ് പട്ടികയിൽ മുന്നിൽ.

എങ്ങനെയാണ് ദത്തെടുക്കുന്നത്?
ദത്തെടുക്കാനായി കുട്ടികളെ ആവശ്യമുള്ളവർ അവരുടെ കൃത്യമായ രേഖകൾ സഹിതം സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് അതോറിറ്റി (CARA)യുടെ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിങ്ങളുടെ കുടുംബ പശ്ചാത്തലം അറിഞ്ഞ് കുട്ടിയെ ദത്തെടുക്കുന്നതിന് അർഹതയുണ്ടോ എന്ന വിവരം ഇതേ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. നിങ്ങൾക്ക് അംഗീകാരം ലഭിക്കുകയാണെങ്കിൽ സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി അപേക്ഷ വീണ്ടും പരിശോധിച്ച് യോഗ്യമെങ്കിൽ ആ വിവരവും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നു. ശേഷം സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് അതോറിറ്റി ഇതുമായി ബന്ധപ്പെട്ട അംഗീകാരം നൽകിയ കത്തും മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യും. ശേഷം 60 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് ദത്ത് അനുവദിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കും.
നിയമങ്ങൾ
വിവാഹിതരായി കുട്ടികളുള്ള ദമ്പതികൾക്കും കുഞ്ഞിനെ ദത്തെടുക്കാം. ഉദാഹരണത്തിന് നിങ്ങൾക്ക് രണ്ട് പെൺമക്കളാണ് ഒരു ആൺകുട്ടിയെ കൂടി ദത്തെടുക്കണമെന്നുണ്ടെങ്കിൽ അതിന് നിയമം അനുവദിക്കുന്നതാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ നിങ്ങൾക്ക് അറിയാവുന്നവരിൽ നിന്നോ (ബന്ധുക്കൾ, സുഹൃത്തുക്കൾ) അല്ലെങ്കിൽ അനാഥാലയങ്ങളിൽ നിന്നോ നിയമപരമായി ദത്തെടുക്കാവുന്നതാണ്.
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ശാരീരികമായും മാനസികമായും വൈകാരികമായും സാമ്പത്തികമായും കഴിവുള്ളവരായിരിക്കണമെന്നും ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകരുതെന്നും ഏതെങ്കിലും ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരാകരുതെന്നും നിയമത്തിൽ പറയുന്നുണ്ട്. അവിവാഹിതയായ സ്ത്രീക്ക് ഏത് ലിംഗത്തിലുള്ള കുട്ടിയെയും ദത്തെടുക്കാം. എന്നാൽ അവിവാഹിതനായ ഒരു പുരുഷന് ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ കഴിയില്ല.

ഇന്ത്യയിൽ ഒറ്റപ്പെട്ടവരും അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമടക്കം ഏകദേശം 29.6 ദശലക്ഷം കുട്ടികൾ ഉണ്ട്. സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഇതിൽ വെറും അഞ്ച് ലക്ഷം പേർക്കാണ് അനാഥാലയം അല്ലെങ്കിൽ ബന്ധുവീട് പോലുള്ള സ്ഥലങ്ങളിൽ അഭയം ലഭിച്ചിട്ടുള്ളത്. ഇതിലും ഒരു ചെറിയ എണ്ണം മാത്രമാണ് ദത്തെടുക്കപ്പെടുന്നത്. ബാക്കി ലക്ഷക്കണക്കിനുള്ള കുഞ്ഞുങ്ങൾ തെരുവിൽ അഭയമില്ലാതെ കഴിയുകയാണ്.
നമ്മുടെ രാജ്യത്ത് മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം വളരെ കൂടുതലാണ്. എങ്കിലും ഇവർ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ മടിക്കുന്നതിന് കാരണം ജാതിയെ പറ്റിയുള്ള ചിന്തയാണ്. ഒരു വിഭാഗം ജനങ്ങൾ തങ്ങളുടെ ജാതിയിൽപ്പെട്ട കുഞ്ഞിനെ മാത്രമേ ദത്തെടുക്കൂ എന്ന് പറയുന്നവരാണ്. മാത്രമല്ല, ആരാണെന്ന് പോലും അറിയാത്ത കുട്ടിയിലൂടെ തന്റെ കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് പോകുന്നതിലും ചിലർക്ക് താൽപ്പര്യമില്ല. ഇന്ത്യൻ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷൻ പ്രകാരം ഇന്ത്യയിൽ ഏകദേശം 27.5 ദശലക്ഷം വരുന്ന വന്ധ്യതയുള്ള ദമ്പതികളും ദത്തെടുക്കാൻ വിസമ്മതിക്കുകയാണ്.
അവയവ ദാനം പോലുള്ള വിജയകരമായ കാര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദത്തെടുക്കലിനും ഇതുപോലുള്ള പ്രചാരം നൽകിയാൽ നിരവധി കുട്ടികൾക്ക് സുരക്ഷിതമായ ജീവിതം ലഭിക്കും.