baby

ജനിക്കുമ്പോൾ തന്നെ പിഞ്ചുകുഞ്ഞുങ്ങളെ ആശുപത്രികളിലും അനാഥാലയങ്ങളിലും രക്ഷിതാക്കൾ ഉപേക്ഷിച്ചിട്ട് പോകുന്നത് നാട്ടിൽ കണ്ടുവരുന്ന ഒരു കാഴ്ചയാണ്. ഗർഭിണിയാണെന്ന് സ്വന്തം ബന്ധുക്കളെ പോലും അറിയിക്കാതെ പ്രസവശേഷം പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ വാർത്തകളും അടുത്തിടെ വാർത്തകളിൽ വന്നിരുന്നു. എന്നാൽ സോഷ്യൽമീഡിയയിലൂടെ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ദത്തെടുക്കാൻ താൽപര്യമുളളവർക്ക് മൂന്ന് മാസം പ്രായമുളള പിഞ്ചുകുഞ്ഞിനെ നൽകാമെന്ന് അറിയിച്ചിരിക്കുകയാണ് ഒരു ദമ്പതികൾ. എലിസബത്ത് എന്ന പേരുളള തങ്ങളുടെ കുഞ്ഞിനെ ദത്ത് കൊടുക്കാൻ തയ്യാറാണെന്നാണ് പിതാവ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സംഭവം എവിടെയാണ് നടന്നതെന്നും എപ്പോഴാണ് നടന്നതെന്നും വ്യക്തമായ അറിവില്ല.

ദത്ത് വിവരം പങ്കുവച്ചതിനോടൊപ്പം പിതാവ് പറഞ്ഞ കാരണങ്ങളാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. രണ്ട് പേരും സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. കുഞ്ഞുളളതുകൊണ്ട് ദമ്പതികൾക്ക് അവരുടെ ജീവിതം ആസ്വദിക്കാൻ സാധിക്കുന്നില്ല. ഭാര്യയ്ക്ക് കുഞ്ഞിനെ നോക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. കുഞ്ഞിന് കൃത്യസമയത്ത് മുലപ്പാൽ കൊടുക്കാനോ കുളിപ്പിക്കാനോ ഭാര്യയ്ക്ക് സാധിക്കില്ല. തന്റെ ഭാര്യ നന്നായി ജോലി ചെയ്യുന്നവളും ശാഠ്യക്കാരിയുമാണ്. പ്രസവിച്ച് രണ്ടാം ആഴ്ച മുതൽ ഭാര്യ ജോലിക്ക് പോയി തുടങ്ങി. ഒരാളുടെ ജോലി കൊണ്ട് മാത്രം കുടുംബത്തിലെ ചിലവ് നടക്കില്ലെന്നും ഭർത്താവ് പോസ്റ്റിൽ പറയുന്നു.