
ഇന്ത്യൻ ഫുട്ബാളിന്റെ സുവർണകാലത്തേക്ക് വിസിൽ മുഴക്കുന്ന മൈതാൻ എന്ന ബോളിവുഡ് ചിത്രത്തിൽ, കോച്ച് ആയിരുന്ന മലയാളി എസ്.എ. റഹിം ആയി അജയ് ദേവ്ഗൺ എത്തുമ്പോൾ ഡിഫൻഡർ ഒ. ചന്ദ്രശേഖരന്റെ വേഷത്തിൽ ഒരു മലയാളി : വിഷ്ണു ജി. വാര്യർ. അപ്രതീക്ഷിതമായി സിനിമയുടെ ബൗണ്ടറിക്കുള്ളിലായ ഒരു ചെറുപ്പക്കാരന്റെ കഥ
ലോക ഫുട്ബാൾ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ ഇന്ത്യൻ ഫുട്ബാൾ ടീം ഒരിക്കൽ സമനിലയിൽ തളച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ഇപ്പോഴത്തെ തലമുറ വിശ്വസിച്ചെന്നുവരില്ല! 1956 മെൽബൺ ഒളിമ്പിക്സിൽ സെമിഫൈനലിൽ കളിച്ച ഇന്ത്യൻ ഫുട്ബാൾ ടീം 1960-ലെ റോം ഒളിമ്പിക്സിലാണ് ഫ്രാൻസിനെതിരെ വിജയതുല്യ സമനില നേടിയത്. 1951-ലും 1962-ലും ഏഷ്യൻ ഗെയിംസിലെ ഫുട്ബാൾ സ്വർണം ഇന്ത്യയ്ക്കായിരുന്നു. 1950 മുതൽ താൻ മരിക്കുന്ന 1963 വരെ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ കോച്ചായിരുന്നത് സെയ്ദ് അബ്ദുൽ റഹിം എന്ന എസ്.എ. റഹിം ആയിരുന്നു.
ഏഷ്യയുടെ ബ്രസീൽ എന്ന വിളിപ്പേരുണ്ടായിരുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ സുവർണകാലത്തിന് ചിറകുകൾ നൽകിയ പരിശീലകൻ റഹിം സാബിന്റെയും ടീമിന്റെയും ചരിത്രമാണ് അടുത്തുറിലീസാകുന്ന ബോളിവുഡ് ചലച്ചിത്രം 'മൈതാൻ" പറയുന്നത്. എസ്.എ റഹിമായി അജയ് ദേവ്ഗൺ. പ്രിയാമണി,ഗജ്രാജ് റാവു തുടങ്ങിയ പ്രമുഖർ അണിനിരക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിൽ പീറ്റർ തങ്കരാജും പി.കെ ബാനർജിയും ജെർണയ്ൽ സിംഗും ചുനി ഗോ സ്വാമിയുമൊക്കെച്ചേർന്ന് ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും ചരിത്രം സൃഷ്ടിച്ച കഥ ഇതൾ വിരിയും.
റഹിം സാബിന്റെ പ്രിയശിഷ്യനും അടിയുറച്ച ഡിഫൻഡറുമായിരുന്ന മലയാളിയായ ഒ. ചന്ദ്രശേഖരന്റെ വേഷം 'മൈതാനി"ൽ അവതരിപ്പിക്കുന്നത് ഒരു മലയാളിയാണ്. വയനാട്ടിൽ ജനിച്ച് ഫുട്ബാളിന്റേയോ അഭിനയത്തിന്റെയോ പാരമ്പര്യം അവകാശപ്പെടാനില്ലാതെ, നാടകത്തോടും സിനിമയോടുമുള്ള താത്പര്യംകൊണ്ടു മാത്രം മുംബയിലേക്ക് വണ്ടികയറിയ വിഷ്ണു ജി. വാര്യർ. 2019-ൽ തുടങ്ങി 2022 ഡിസംബർ വരെ നീണ്ട ഷൂട്ടിംഗിന്റെയും ഫുട്ബാൾ പരിശീലനത്തിന്റെയും അനുഭവങ്ങൾ വിഷ്ണു പറയും.
സ്റ്റാർ ആയത്
മുത്തശ്ശി

വയനാട് മാനന്തവാടിയിലെ തൃശിലേരിയിലാണ് വിഷ്ണുവിന്റെ വീട്. അച്ഛൻ പ്രേമചന്ദ്രൻ ജില്ലാ സഹകരണബാങ്കിലായിരുന്നു. അമ്മ ഗിരിജ റബർ മാർക്കറ്റിംഗ് സൊസൈറ്റിയിലും. ചേട്ടൻ ഗൗതം ജി. വാര്യരും അച്ഛന്റെ അമ്മ ലക്ഷ്മി വാരസ്യാരുമാണ് വീട്ടിലെ മറ്റംഗങ്ങൾ. പന്ത്രണ്ടാം ക്ളാസുവരെ മാനന്തവാടി ഹിൽ ബ്ളൂംസ് സ്കൂളിൽ പഠനം. ആ സമയത്ത് സ്കൂളിലെ കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുമെന്നല്ലാതെ ഭാവിയിൽ കലാകാരനാകുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പ്ളസ് ടു കഴിഞ്ഞ് മണിപ്പാലിൽ ജുവലറി ഡിസൈനിൽ ബി.ബി.എ ചെയ്തു.
തുടർന്ന് നാലുവർഷം കർണാടകയിലെ ഹൊസൂരിൽ തനിഷ്ക് ജുവലറി ശൃംഖലയിൽ ജോലി. ഫോട്ടോഗ്രഫിയിൽ താത്പര്യമുണ്ടായിരുന്ന ചേട്ടനോട് തനിഷ്കിനായി ഒരു ഡോക്യുമെന്ററി ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ സമ്മതം മൂളിയതാണ് വഴിത്തിരിവ്. അപ്പോഴേക്കും ജോലി മടുത്തിരുന്നു. നാടകത്തിലോ സിനിമയിലോ ഒരു കൈ നോക്കിയാലോ എന്നായി ആലോചന.
ആ ഡോക്യുമെന്ററി കഴിഞ്ഞതോടെ ഇരുവരും തങ്ങളുടെ വഴി തേടി ഇരുവഴികളിലൂടെ യാത്ര തുടങ്ങി. അങ്ങനെ അവസരം തേടി നടക്കുമ്പോഴാണ് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ പ്രായമായ അമ്മൂമ്മയെ ആവശ്യമുണ്ടെന്ന പരസ്യം വാരികയിൽ കാണുന്നത്. അച്ഛനോട് ചോദിച്ചപ്പോൾ മുത്തശ്ശിയുടെ ഫോട്ടോ അയയ്ക്കാൻ പറഞ്ഞു. ജിസ് ജോയ്യായിരുന്നു പരസ്യ സംവിധായകൻ. മുത്തശ്ശി ഓഡിഷനു പോയി, സെലക്ടായി അഭിനയിച്ചു തിരിച്ചുവന്നു.
ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും ജിസ് ജോയ്യുടെ ഫോൺ. പുതിയ സിനിമ തുടങ്ങുന്നു, മുത്തശ്ശി വരണം. അങ്ങനെ ആസിഫ് അലിയും അപർണ ബാലമുരളിയും സിദ്ധിക്കും ശ്രീനിവാസനും അഭിനയിച്ച 'സൺഡേ ഹോളിഡേ"യിലെ മുത്തശ്ശിയായി ലക്ഷ്മി വാരസ്യാർ ശ്രദ്ധനേടി. അതിനു ശേഷം നിരവധി അവസരങ്ങൾ മുത്തശ്ശിയെത്തേടിയെത്തിയെങ്കിലും അനാരോഗ്യം മൂലം അഭിനയം തുടരാനായില്ല.
മുംബയിലെ
നാടക കാലം
മുത്തശ്ശി സിനിമയിലെത്തിയതോടെ ചെറുമക്കൾക്കും സിനിമാ മോഹം കലശലായി. വിഷ്ണു നേരേ മുംബയിലേക്കാണ് വണ്ടികയറിയത്. റോഷൻ മാത്യുവിനെപ്പോലുള്ള നടന്മാർ പഠിച്ചിറങ്ങിയ ബോംബെ ഡ്രാമാസ്കൂളിൽ ഒരു വർഷത്തെ അഭിനയ കോഴ്സ്. പ്രൊഫഷണൽ കോഴ്സുകൾ പലതു പഠിക്കുകയും പല ജോലികൾ നോക്കുകയും ചെയ്ത ചേട്ടൻ ട്രാവലിംഗ് ട്രൈപോഡ് ഫിലിംസ് എന്ന സ്വന്തം ഡോക്യുമെന്ററി നിർമ്മാണക്കമ്പനിയിൽ എത്തിനിൽക്കുന്നു.
സിനിമയെക്കാൾ ഉപരി നാടകമാണ് വിഷ്ണു ഡ്രാമ സ്കൂളിൽ പരിശീലിച്ചത്. കോഴ്സിനിടെ മലയാളികൾ ചേർന്ന് ചെയ്ത പ്രീതം എന്ന മറാഠി സിനിമയിൽ സഹസംവിധായകനായി. കോഴ്സ് കഴിഞ്ഞ് മുംബയിൽ തിയേറ്ററുകളിൽ രണ്ടു വർഷത്തോളം ഫ്രീലാൻസായി നാടകം കളിച്ചു. നാടകമില്ലാത്തപ്പോൾ ഓഡിഷനുകൾക്ക് പോകുമായിരുന്നു. കാസ്റ്റിംഗ് കാളുകൾ തിരക്കി നടന്ന ആ കാലത്താണ് മൈതാനിലേക്ക് വിളി വരുന്നത്.
സീ സ്റ്റുഡിയോസിന്റെ ബാനറിൽ ബോണി കപൂർ നിർമ്മിച്ച് അമിത് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ഓഡിഷൻ എന്നറിഞ്ഞപ്പോൾ വലിയ പ്രതീക്ഷ തോന്നിയില്ല. സൂപ്പർ ഹിറ്റ് ചിത്രം ബധായി ഹോയുടെ സംവിധായകനാണ് അമിത് ശർമ്മ. പഴയ ഫുട്ബാൾ കളിക്കാരെക്കുറിച്ചുള്ള ചിത്രമാണെന്നും ഒളിമ്പ്യൻ ചന്ദ്രശേഖരൻ എന്ന കളിക്കാരന്റെ വേഷമാണ് താൻ അഭിനയിക്കേണ്ടതെന്നും ഫോണിൽ പറഞ്ഞു തന്നിരുന്നു.
വിക്കിപീഡിയയിൽ തപ്പി ഒളിമ്പ്യന്റെ ഒരു ഫോട്ടോ കണ്ടെത്തി. അതുപോലെ പോസ് ചെയ്ത് ഫോട്ടോയെടുത്താണ് അയച്ചത്. അതു കണ്ടാണ് ഓഡിഷനു വിളിച്ചത്. മൂന്നുകാര്യങ്ങളാണ് ഓഡിഷനിൽ നോക്കിയത്, ഒറിജിനൽ കളിക്കാരനുമായുള്ള രൂപസാമ്യം, ഫുട്ബാൾ കളിക്കാനുള്ള കഴിവ്, അഭിനയശേഷി. രൂപസാദൃശ്യം ഒപ്പിക്കാം. സ്കൂളിൽ കളിച്ചിരുന്ന ഫുട്ബാളും തുണയായി. തിയേറ്ററിലെ പരിചയം അഭിനയത്തിനും സഹായകമായതോടെ റോൾ ഉറപ്പായി. പക്ഷേ പിന്നീടാണ് ജീവിതം വഴിമാറിയത്.
പരീക്ഷണം,
പരിശീലനം

2019ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. കൊവിഡും ചുഴലിക്കാറ്റുമൊക്കെയായി 2022 ഡിസംബർ വരെ നീണ്ട ചിത്രീകരണ കാലം അതികഠിനമായിരുന്നു. ഒരു വർഷത്തോളം ടീമിലുള്ള 15 പേർക്ക് ഫുട്ബാൾ പ്രാക്ടീസായിരുന്നു. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ ഗ്രൗണ്ടിൽ വെയിലുകൊണ്ട് കറുത്ത് കരുവാളിച്ചു. മേക്കപ്പ് പോയിട്ട് സൺക്രീം പോലും ഇടാനാവില്ല. വിയർപ്പിൽ ഒലിച്ചുപോകും. രണ്ടേക്കറിലധികം വരുന്ന സ്ഥലത്ത് ഫുട്ബാൾ മൈതാനം സെറ്റിട്ടാണ് ക്ളൈമാക്സ് ഷൂട്ട് ചെയ്തത്. അജയ് ദേവ്ഗൺ എന്ന നടന്റെ അർപ്പണബോധവും പ്രൊഫഷണലിസവും കണ്ടറിയാനായി.
കോച്ചിന്റെ റോൾ ആയതിനാൽ കളിക്കേണ്ട കാര്യമില്ലെങ്കിലും അദ്ദേഹം ഷൂട്ടിംഗിനുണ്ടെങ്കിൽ പന്തു തട്ടാൻ കൂടും. ആറ് ക്യാമറകൾ വച്ചാണ് ഫുട്ബാൾ ഗ്രൗണ്ടിലെ ഷൂട്ട് നടത്തിയത്. നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തുമ്പോലെ ഫുട്ബാൾ നീക്കങ്ങൾ കോറിയോഗ്രഫി ചെയ്തിരുന്നു. ഓരോ റീടേക്കിലും പന്തിന്റെയും കളിക്കാരുടെയും ചലനങ്ങൾക്ക് കണ്ടിന്യുവിറ്റി കാത്തുസൂക്ഷിക്കുകയായിരുന്നു വെല്ലുവിളി. കളിക്കാരായി അഭിനയിക്കുന്നവർ തമ്മിൽ അസാധാരണമായ ഒരു ബന്ധം ഉടലെടുത്തു എന്നതാണ് ഏറ്റവും വലിയ നേട്ടം. പരസ്പരം സ്വന്തം പേരല്ല,കഥാപത്രങ്ങളുടെ പേരാണ് വിളിച്ചിരുന്നത്. ഇപ്പോഴും വിഷ്ണുവിനെ മറ്റ് അഭിനേതാക്കൾ ചന്ദ്രയെന്നാണ് വിളിക്കുന്നത്.
ഒളിമ്പ്യനെ
കണ്ടപ്പോൾ
മൈതാന്റെ ഒന്നുരണ്ട് ഷെഡ്യൂളുകൾ കഴിഞ്ഞപ്പോഴാണ് കേരള കൗമുദി പത്രത്തിൽ ഒളിമ്പ്യൻ ചന്ദ്രശേഖരനെക്കുറിച്ചുള്ള ഒരു വാർത്ത കണ്ടത്. 2020ൽ ഒളിമ്പിക് ദിന സ്പെഷ്യലായി നൽകിയ വാർത്തയിൽ നിന്ന്,അദ്ദേഹം ഓർമ്മകൾ നഷ്ടപ്പെട്ട് കൊച്ചിയിലെ വീട്ടിൽ കഴിയുകയാണെന്നു മനസിലായി. ആ മനുഷ്യനെ ഒന്നു നേരിട്ടു കാണണമെന്ന് ആഗ്രഹം തോന്നി. അടുത്ത ഷെഡ്യൂൾ ബ്രേക്കിൽ കൊച്ചിയിലെത്തി. ഒരു കാലത്ത് എതിർടീം സ്ട്രൈക്കർമാരെ പട്ടാളച്ചിട്ടയോടെ പ്രതിരോധിച്ച ആ മനുഷ്യൻ താൻ ഒരു ഫുട്ബാൾ കളിക്കാരനായിരുന്നുവെന്നു പോലും മറന്ന് നിഷ്കളങ്കമായ ഒരു ചിരിയോടെ തന്നെ നോക്കിനിന്നത് വല്ലാതെ മനസിൽ സ്പർശിച്ചു.
അദ്ദേഹം കളിക്കളത്തിൽ സൃഷ്ടിച്ച വിസ്മയം പുതുതലമുറയ്ക്ക് കാട്ടിക്കൊടുക്കുക നിയോഗമാണെന്നു തോന്നി. അധികമൊന്നും സംസാരിച്ചില്ലെങ്കിലും അൽഷിമേഴ്സ് ബാധിതനായ ഒളിമ്പ്യൻ ചന്ദ്രശേഖരനെ നേരിട്ടു കാണാനായത് എന്റെ ഭാഗ്യമായി കരുതുന്നു. ആ കൂടിക്കാഴ്ച കഴിഞ്ഞ് ആറുമാസത്തിനകം ഒളിമ്പ്യൻ ഈ ലോകത്തോട് വിടപറഞ്ഞു.
നായികയെ തപ്പി,
കിട്ടിയത് വില്ലൻ!
ഒരു തവണ ഷൂട്ടിംഗിന്റെ ഇടവേളയിൽ മുംബയിൽ നിന്ന് നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തു കൂടിയായ തിരക്കഥാകൃത്ത് സനിലേഷ് ശിവൻ കോഴിക്കോട്ട് സ്കൂൾ യുവജനോത്സവം കാണാൻ വിളിച്ചുകൊണ്ടുപോയത്. സനിലേഷിന്റെ സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ മിലിന്ദും ഒപ്പമുണ്ടായിരുന്നു. ടൊവിനോ നായകനാകുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിലേക്ക് 17 വയസുള്ള പെൺകുട്ടിയേയും ആൺകുട്ടിയേയും കണ്ടെത്തുകയായിരുന്നു ആ യാത്രയുടെ ഉദ്ദേശ്യം.
പലരെയും നോക്കിയെങ്കിലും തൃപ്തിയായില്ല. പക്ഷേ കുറച്ചുനാൾ കഴിഞ്ഞ് മിലിന്ദിന്റെ വിളിവന്നു. കഥയിൽ കുട്ടികളുടെ പ്രായം കൂട്ടിയിട്ടുണ്ട്. താൻ വന്നൊന്ന് ഓഡിഷൻ നോക്കാൻ. അങ്ങനെയാണ് ആ സിനിമയിൽ വില്ലനായ കൊച്ചച്ചന്റെ വേഷം ചെയ്തത്. ടൊവിനോയുടെ എസ്.ഐ കഥാപാത്രത്തെ വെട്ടിച്ച് ഓടുന്ന സീനൊക്കെ എടുക്കുമ്പോൾ മൈതാനിലെ കായിക പരിശീലനം ഏറെ ഗുണം ചെയ്തു. പക്ഷേ താനൊരു ഹിന്ദി സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ടൊവിനോയോട് പറയാൻ ചമ്മൽ തോന്നി. പടം റിലീസായിട്ട് വേണം അത് പറയാൻ. ഇതിനിടയിൽ ആമസോൺ പ്രൈമിലെ പോച്ചർ എന്ന വെബ്സീരീസിലും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു- വിഷ്ണു പറയുന്നു.
സജീവമാകണം
അഭിനയത്തിൽ
ഇപ്പോഴും മുംബയിലാണ് താമസം. ബോളിവുഡിൽ ചില ചിത്രങ്ങളിൽ നിന്ന് ഓഫർ വന്നിട്ടുണ്ട്. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്ന പൊലീസ് കഥ പറയുന്ന ചിത്രത്തിലേക്കും ക്ഷണമുണ്ട്. സിനിമകൾ തുടർച്ചയായി ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം. ചേട്ടൻ ഗൗതം ഡോക്യുമെന്ററികളിൽ നിന്ന് സിനിമയിലേക്ക് ചുവടുമാറ്റാനുള്ള ശ്രമത്തിലാണ്. അനുജൻ ഗണപതിയെവച്ച് സിനിമയെടുക്കുന്ന ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സു പോലെ, ഗൗതമിന്റെ സംവിധാനത്തിൽ താൻ നായകനാകുന്ന സിനിമയാണ് സ്വപ്നം!
ഒളിമ്പ്യൻ
ചന്ദ്രശേഖരൻ

മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകനും 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത താരവുമാണ് ഒ. ചന്ദ്രശേഖരൻ മേനോൻ എന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ.1958 മുതൽ 1966 വരെ ഇന്ത്യൻ ടീമിന്റെ പ്രതിരോധ നിരയിലെ നിറസാന്നിദ്ധ്യം. 1962 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിൽ അംഗം. നിരവധി ടൂർണമെന്റുകളിൽ ഇന്ത്യയെ നയിച്ചു. പി.കെ.ബാനർജി, ജർണയിൽ സിംഗ്, ചുനി ഗോസ്വാമി തുടങ്ങിയ പ്രമുഖർ കളിച്ച ഇന്ത്യൻ ഫുട്ബാളിന്റെ സുവർണകാലത്ത് പന്തുതട്ടിയ ആളാണ് ചന്ദ്രശേഖരൻ. റോം ഒളിമ്പിക്സിൽ ഇന്ത്യൻ ടീം ഫ്രാൻസിനെ സമനിലയിൽ തളച്ചപ്പോൾ പ്രതിരോധനിരയിലെ ചന്ദ്രശേഖരന്റെ പ്രകടനം വാഴ്ത്തപ്പെട്ടു.
ഇരിങ്ങാലക്കുട സ്വദേശി. 1956-ൽ കാൾട്ടെക്സ് എസ്.സിയിലൂടെപ്രൊഫഷണൽ ഫുട്ബാളിലെത്തി.1963-ൽ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്ടനായിരുന്നു. 1966-ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചശേഷം സ്റ്റേറ്റ് ബാങ്കിനു വേണ്ടി കളിക്കാനിറങ്ങി. എസ്.ബി.ഐയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിവിരമിച്ചു. ഭാര്യ: വിമല. മക്കൾ :സുനിൽ (ബംഗ് ളൂരു, സുധീർ, സുമ (ഇരുവരും അമേരിക്കയിൽ). 2021ആഗസ്റ്റ് 24-ന് കൊച്ചി എസ്.ആർ.എം റോഡിലെ വസതിയിലായിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി മറവിരോഗത്തിന്റെ പിടിയിലായിരുന്നു.