couple

ഭാവിയിലെ ആവശ്യങ്ങൾ നിറവേ​റ്റുന്നതിനുളള പണം സുരക്ഷിതമായ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവരാണ് ഒട്ടുമിക്കവരും. നിക്ഷേപിക്കുന്ന പണത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും വരുമാനമായിട്ട് ലഭിക്കുമെങ്കിൽ അങ്ങനെയുളള പദ്ധതികളിൽ ചേരാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. പക്ഷെ ഏതാണ് മികച്ച വരുമാന നിക്ഷേപ പദ്ധതിയെന്ന് മിക്കവർക്കും ധാരണയുണ്ടാകില്ല.

ദമ്പതികൾക്ക് സ്ഥിരനിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടിയെടുക്കാൻ സാധിക്കുന്ന ഒരു പദ്ധതി പരിചയപ്പെടാം. കേന്ദ്ര സർക്കാരിന്റെ നാഷണൽ സേവിംഗ്സ് ഇൻസ്​റ്റി​റ്റ്യൂട്ടിന്റെ കീഴിൽ വരുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണിത് (പിപിഎഫ്). ഈ പദ്ധതിയിൽ ചേരുന്ന വിവാഹിതരായവരെ കാത്തിരിക്കുന്നത് സുവർണാവസരമാണ്. പിപിഎഫിൽ ഭാഗമാകുന്നതോടെ ദമ്പതികൾക്ക് പ്രതിവർഷമോ പ്രതിമാസമോ നല്ലൊരു തുക പലിശയിനത്തിൽ മാത്രം ലഭിക്കും.

ഇന്ത്യൻ പൗരൻമാർക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരാൻ സാധിക്കുകയുളളൂ. നിക്ഷേപകർക്ക് 500 രൂപ മുതൽ 1,50,000 രൂപയുടെ നിക്ഷേപം വരെ പ്രതിവർഷം നടത്താം. നിക്ഷേപത്തുകയുടെ 7.1ശതമാനം പലിശയായി പിപിഎഫിലൂടെ ദമ്പതികൾക്ക് നേടാവുന്നതാണ്. പിപിഎഫിൽ ചേർന്ന് നിശ്ചിത വർഷം കൊണ്ട് ദമ്പതികൾക്ക് കോടീശ്വരരാകാൻ സാധിക്കും.

പദ്ധതിയിൽ നിക്ഷേപിക്കുന്നത് എങ്ങനെ

1.5 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇരുവരും പ്രതിവർഷം നടത്തുന്നതെങ്കിൽ 17 വർഷം കൊണ്ട് ആകെ ഒരു കോടി രൂപ സ്വന്തമാക്കാവുന്നതാണ്. ഇതിനായി പ്രതിമാസം 12,500 രൂപ നിക്ഷേപിക്കണം.

1.2 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇരുവരും പ്രതിവ‌ർഷം നടത്തുന്നതെങ്കിൽ 20 വർഷം കൊണ്ട് ഒരു കോടി രൂപ സ്വന്തമാക്കാവുന്നതാണ്. ഇതിനായി പ്രതിമാസം 10,000 രൂപ നിക്ഷേപിക്കണം.

96,000 രൂപയുടെ നിക്ഷേപമാണ് ഇരുവരും പ്രതിവർഷം നടത്തുന്നതെങ്കിൽ 25 വർഷം കൊണ്ട് ഒരു കോടി രൂപ സ്വന്തമാക്കാവുന്നതാണ്. ഇതിനായി പ്രതിമാസം 8000 രൂപ നിക്ഷേപിക്കണം.