pic

ഹെൽസിങ്കി: ഫിൻലൻഡിൽ സഹപാഠിയെ 12 കാരൻ വെടിവച്ചു കൊന്നു. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.47ന് തലസ്ഥാനമായ ഹെൽസിങ്കിയ്ക്ക് വടക്കുള്ള വാൻറ്റാ നഗരത്തിലെ വിയർറ്റോല സ്കൂളിലായിരുന്നു സംഭവം. രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്കേറ്റു.

എല്ലാവരും ആറാം ഗ്രേഡ് വിദ്യാർത്ഥികളാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. തോക്കുമായി ക്ലാസിലെത്തിയ കുട്ടി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഓടിരക്ഷപ്പെട്ട കുട്ടിയെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയെ പ്രത്യേക കരുതൽ കേന്ദ്രത്തിലേക്ക് മാറ്റി. ബന്ധുവിന്റെ ലൈസൻസിലുള്ള തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

2007ലും 2008ലും സമാന രീതിയിലുള്ള വെടിവയ്‌പ് നടന്നിരുന്നു. 2007 നവംബറിൽ ഹെൽസിങ്കിയിലെ സെക്കൻഡറി സ്കൂളിൽ 18കാരൻ നടത്തിയ വെടിവയ്പിൽ ആറ് കുട്ടികളും ഹെഡ് മാസ്റ്ററും കൊല്ലപ്പെട്ടു. 2008 സെപ്തംബറിൽ പടിഞ്ഞാറൻ ഫിൻലൻഡിലെ ഒരു സ്കൂളിൽ 11 പേരെയാണ് 22കാരൻ വെടിവച്ചു കൊന്നത്.