
ജയ്‌പൂർ: അഴിമതിക്കാരെ രക്ഷിക്കാൻ ആദ്യമായാണ് എല്ലാ അഴിമതിക്കാരും അണിനിരക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. 'ഇന്ത്യ" മുന്നണി അഴിമതിക്കാരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെയും അറസ്റ്രിനെതിരെ പ്രതിപക്ഷം നടത്തിയ റാലിക്കെതിരെയായിരുന്നു മോദിയുടെ രൂക്ഷ വിമർശനം.
രാജസ്ഥാനിലെ കോട്‌പുത്‌ലിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. മൂന്നാം ഊഴത്തിൽ അഴിമതിക്കെതിരെ കൂടുതൽ നടപടിയുണ്ടാകും. അഴിമതി പിഴുതെറിയും. ബി.ജെ.പി മൂന്നാമതും വന്നാൽ രാജ്യം കത്തുമെന്നും കോൺഗ്രസിന്റെ യുവരാജാവ് പറയുന്നു. എല്ലാ പ്രശ്നങ്ങൾക്കും കാരണം കോൺഗ്രസാണ്. രാജ്യത്തെ അസ്ഥിരമാക്കാനാണ് കോൺഗ്രസ് ശ്രമം.
കോൺഗ്രസും അവരുടെ സഖ്യവും സ്വന്തം താത്പര്യങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് രാജകുടുംബങ്ങൾ അണിനിരക്കുന്നത്. അഴിമതിക്കാരെ രക്ഷിക്കാൻ എല്ലാ അഴിമതിക്കാരും അണിനിരക്കുന്നത് ഇതാദ്യമാണ്. അഴിമതി ഇല്ലാതാക്കൂ, അഴിമതിക്കാരെ രക്ഷിക്കൂ എന്ന് അവർ പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.
ജനകോടതിയിൽ പ്രതിപക്ഷം പരാജയം
ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനാണ് തിരഞ്ഞെടുപ്പെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ കോടതിയിൽ പ്രതിപക്ഷ സഖ്യം പരാജയപ്പെട്ടു. വിജയത്തെക്കുറിച്ച് അവർ മിണ്ടുന്നില്ല. ബി.ജെ.പി ജയിച്ചാൽ തീവെട്ടിക്കൊള്ളയുണ്ടാകുമെന്ന് പ്രതിപക്ഷം പറയുന്നത്. പത്ത് വർഷം ട്രെയിലർ മാത്രമായിരുന്നെന്നും സർക്കാരിന്റെ മൂന്നാം ടേമിൽ ചരിത്രപരവും നിർണായകവുമായ നടപടികൾ ഉണ്ടാകുമെന്നും മോദി ആവർത്തിച്ചു. ബി.ജെ.പി എന്നാൽ വികസനമാണ്. കോൺഗ്രസാണ് എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം. രാജ്യത്ത് ദാരിദ്ര്യം സൃഷ്ടിച്ചത് കോൺഗ്രസാണ്. അവർ കാരണമാണ് എല്ലാത്തിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നത്. ഒരു കുട്ടിയെയും ഒഴിഞ്ഞ വയറോടെ ഉറങ്ങാൻ അനുവദിക്കില്ല എന്നും മോദി പറഞ്ഞു.