
ശ്രീനഗർ: മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കാശ്മീരിലെ അനന്ത്നാഗ്- രജൗരി സീറ്റിൽ മത്സരിക്കും. കോൺഗ്രസ് വിട്ട് 2022ൽ രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡി.പി.എ.പി) സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ഇന്നലെ നടന്ന ഡി.പി.എ.പി വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉധംപൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം ബി.ജെ.പി നേതാവ് ജതേന്ദ്ര സിംഗിനോട് പരാജയപ്പെട്ടു. പ്രതിപക്ഷ സഖ്യം 'ഇന്ത്യ"യുടെ ഭാഗമായ ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ്, മുതിർന്ന നേതാവ് മിയാൻ അൽത്താഫ് അഹമ്മദിനെയാണ് അനന്ത്നാഗ്- രജൗരിയിൽ നിറുത്തുന്നത്. നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദിയാണ് സിറ്റിംഗ് എം.പി.
പാർട്ടിവിട്ടത് രാഹുലുമായി പിണങ്ങി
കോൺഗ്രസ് പ്രവർത്തക സമതി അംഗമായിരുന്ന ഗുലാംനബി ആസാദ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്താണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. പാർട്ടിയിൽ തിരുത്തൽ ആവശ്യപ്പെട്ട ജി 20 നേതാക്കളിൽ പ്രധാനിയും ഗുലാം നബിയായിരുന്നു. 2005 മുതൽ 2008 വരെ ജമ്മു കാശ്‌മീർ മുഖ്യമന്ത്രിയുമായിരുന്നു. 2009 മുതൽ 2014 വരെ കേന്ദ്ര ആരോഗ്യമന്ത്രിയുമായിരുന്നു. 2014 മുതൽ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ആസാദ് അഞ്ച് തവണ രാജ്യസഭാംഗവും, രണ്ട് തവണ ലോക്സഭാംഗവുമായി.