
ന്യൂഡൽഹി: ബിഹാറിലെ മുസാഫർപൂരിൽ സീറ്റ് നഷേധിക്കപ്പെട്ട ബി.ജെ.പി സിറ്റിംഗ് എം.പി അജയ് കുമാർ നിഷാദ് കോൺഗ്രസിൽ ചേർന്നു. 2014 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അജയ് കുമാറിന് പകരം രാജ് ഭൂഷൺ നിഷാദാണ് പുതിയ സ്ഥാനാർത്ഥി. 2019ൽ നാലു ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിച്ച തന്നെ പാർട്ടി ചതിച്ചെന്ന് നിഷാദ് ആരോപിച്ചിരുന്നു.
ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് മോഹൻ പ്രകാശ്, കമ്മ്യൂണിക്കേഷൻസ് പവൻ ഖേര, ബിഹാർ പി.സി.സി അദ്ധ്യക്ഷൻ അഖലേഷ് സിംഗ് എന്നിവർ നിഷാദിനെ സ്വാഗതം ചെയ്തു. പിന്നാക്ക സമുദായാംഗമായ നിഷാദിന്റെ പിതാവ് ക്യാപ്ടൻ ജയ് നരേൻ നിഷാദ് നാല് തവണ എം.പിയും ബിഹാറിലെ പ്രമുഖ നേതാവുമായിരുന്നു. അവസരം നൽകിയതിന് കോൺഗ്രസ് നേതൃത്വത്തോടും രാഹുൽ ഗാന്ധിയോടും നന്ദിയുണ്ടെന്ന് അജയ് കുമാർ പറഞ്ഞു. ബി.ജെ.പി നേതൃത്വം തന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.