death

തിരുവനന്തപുരം: അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ മരിച്ച ദമ്പതികളിലെ ദേവി പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ മകള്‍. ഇന്ന് രാവിലെ 11.30ഓടെയാണു മരണവിവരം അരുണാചല്‍ പ്രദേശ് എസ്പി ബാലന്‍ മാധവനെ ഫോണ്‍ വിളിച്ചറിയിക്കുന്നത്. നവീനിന്റേയും ദേവിയുടേയും ജീവിതം വളരെ സന്തോഷമുള്ളതായിരുന്നുവെന്നും ബാലന്‍ മാധവന്‍ പറയുന്നു. 2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം തിരുവനന്തപുരത്ത് നടന്നത്.

എന്താണു മരണത്തിന്റെ കാരണമെന്ന് അറിയില്ലെന്നും ദേവിയും നവീനും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ദേവിയുടെ പിതാവ് ബാലന്‍ മാധവന്‍ പറഞ്ഞു. നവീന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞിട്ട് 13 വര്‍ഷമായി. വളരെ സന്തോഷത്തോടെയാണ് അവര്‍ ജീവിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


നവീന്‍, ഭാര്യ ദേവി, അദ്ധ്യാപിക ആര്യ (29) എന്നിവരെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂവരും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകള്‍ ഉണ്ടാക്കിയിരുന്നതായാണ് വിവരം. ഈ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. 'സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു' എന്ന് എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളില്‍ ഉള്‍പ്പെടെ തിരഞ്ഞതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

അവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.ഓണ്‍ലൈന്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് മരിച്ച നവീനെന്നാണ് വിവരം. ദേവി ആര്യ പഠിപ്പിക്കുന്ന അതേ സ്‌കൂളില്‍ മുന്‍പ് ജര്‍മന്‍ ഭാഷ പഠിപ്പിച്ചിരുന്നു. ആര്യയും ദേവിയും അടുത്ത സുഹൃത്തുകളായിരുന്നു.മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ദേവിയെയും ഭര്‍ത്താവിനെയും കാണാതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അതിനാല്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നില്ല.ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ അസമിലേക്ക് പോയെന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം വീട്ടില്‍ വിളിച്ച് അറിയിക്കുന്നത്.

''നവീന്റെ വീടായ കോട്ടയത്താണു ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണു തിരുവനന്തപുരത്ത് വന്നുപോയിരുന്നത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണു പറയേണ്ടതെന്നും അറിയില്ല. അവര്‍ അരുണാചലില്‍ വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു പറഞ്ഞിരുന്നത്.

എന്തു പറയണമെന്ന് അറിയില്ല. അങ്ങനെയൊരു മാനസികാവസ്ഥയിലല്ല ഞാന്‍. മരണകാരണം എന്താണെന്നു കണ്ടെത്തണം. മറ്റ് ആരെക്കാളും ഉപരിയായി മരണവിവരം എന്താണെന്ന് എനിക്ക് കണ്ടെത്തേണ്ടതുണ്ട്. നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരാണ്. ജര്‍മന്‍ ഭാഷയോടു ദേവിക്കു വലിയ താല്‍പര്യമായിരുന്നു. ഭാഷ പഠിച്ച് കോവിഡിനു മുന്‍പ് കുറച്ചുനാള്‍ ചെമ്പക സ്‌കൂളില്‍ അവള്‍ ജോലി ചെയ്തിരുന്നു. എന്റെ അളിയന്‍ ഡല്‍ഹിയിലുണ്ട്. അദ്ദേഹം അരുണാചലിലേക്കു പോകും. അദ്ദേഹം അവിടെയെത്തുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണു വിശ്വാസം- ബാലന്‍ മാധവന്‍ പറഞ്ഞു.