
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനിടെ യു.എസ് ആസ്ഥാനമായുള്ള വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യു.സി.കെ) സംഘടനയിലെ ആറ് വിദേശ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു. ബ്രിട്ടൺ, പോളണ്ട്, ഓസ്ട്രേലിയ, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പാലസ്തീൻ വംശജനായ ഡ്രൈവറും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ ഭക്ഷണ വിതരണം നടത്തിയ ശേഷം മടങ്ങവെ മദ്ധ്യ ഗാസയിലെ ദെയ്ർ അൽ - ബലാഹിൽ വച്ച് ഇവരുടെ വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. അതേസമയം, സൈന്യം നിരപരാധികളെ ലക്ഷ്യമാക്കിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചു. ആക്രമണം ദാരുണമായെന്നും എന്നാൽ ബോധപൂർവം ഉണ്ടായതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡബ്ല്യു.സി.കെ ഗാസയിലെ പ്രവർത്തനം നിറുത്തിവച്ചു. ഇതുവരെ 196 സന്നദ്ധ പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 174 പേർ ഐക്യരാഷ്ട്ര സംഘടനയിൽ പ്രവർത്തിച്ചവരാണ്. അതേ സമയം, ഗാസയിൽ ഇതുവരെ 32,900ലേറെ പാലസ്തീനികൾക്കാണ് ഇസ്രയേൽ ആക്രമണങ്ങൾക്കിടെ ജീവൻ നഷ്ടമായത്.