
ടെഹ്റാൻ: സിറിയയിലെ കോൺസുലേറ്റ് തകർത്ത ഇസ്രയേലിനെതിരെ തിരിച്ചടി നടത്തുമെന്ന് ഇറാൻ. ഇസ്രയേൽ ദുഃഖിക്കേണ്ടി വരുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയാണ് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലുള്ള ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തത്. 13 പേർ കൊല്ലപ്പെട്ടു. ഇതിൽ 7 പേർ ഇറാൻ റെവല്യൂഷനറി ഗാർഡിലെ അംഗങ്ങളും മറ്റുള്ളവർ സിറിയക്കാരുമാണ്.
റെവല്യൂഷനറി ഗാർഡിലെ രണ്ട് മുതിർന്ന ജനറൽമാരായ മുഹമ്മദ് റെസാ സഹേദി, മുഹമ്മദ് ഹാദി ഹാജി - റഹിമി എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. റെവലൂഷനറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥനാണ് സഹേദി. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. തകർന്ന കോൺസുലേറ്റിന് സമീപമുള്ള ഇറാന്റെ എംബസി കെട്ടിടം സുരക്ഷിതമാണ്. കൊല്ലപ്പെട്ടവരിൽ ചിലർ മുമ്പ് ഇസ്രയേൽ, യു.എസ് പൗരന്മാർക്ക് നേരെ ആക്രമണങ്ങൾ നടത്തിയവരാണെന്നാണ് റിപ്പോർട്ട്. ഗാസയിൽ ഹമാസിനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേൽ സിറിയയിൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പുകളെയോ ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളെയോ ആണ് ലക്ഷ്യമാക്കിയിട്ടുള്ളത്.