
ആർ.സി.ബിയെ 28 റൺസിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്
മൂന്ന് വിക്കറ്റുമായി ലക്നൗവിന് വിജയമൊരുക്കിയത് മായാങ്ക് യാദവ്
ബെംഗളുരു : തുടർച്ചയായ രണ്ടാം മത്സരത്തിലും തീക്കാറ്റുപോലെ ആഞ്ഞടിച്ച പേസർ മായാങ്ക് യാദവിന്റെ കരുത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ 28 റൺസിന് കീഴടക്കി. റൺസൊഴുകാൻ ഒരു മടിയും കാട്ടാത്ത ചിന്നസ്വാമി സ്റ്റേഡിയത്തിൽ ലക്നൗ ഉയർത്തിയ 181/5 എന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയ ആർ.സി.ബി 19.4 ഓവറിൽ 153 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. നാലോവറിൽ വെറും 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ മായാങ്ക് യാദവിനൊപ്പം ബാറ്റിംഗിൽ 81 റൺസ് നേടിയ ക്വിന്റൺ ഡി കോക്കും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
നിസാരമെന്ന് കരുതി ചേസിംഗിനിറങ്ങിയ ആർ.സി.ബിക്ക് വേണ്ടി വിരാട് കൊഹ്‌ലി (22), ഡുപ്ളെസി (19),രജത് പാട്ടീദാർ (29),മഹിപാൽ ലോമോർ (33) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഇംപാക്ട് പ്ളേയറായി ഇറങ്ങിയ മണിമാരൻ സിദ്ധാർത്ഥ് അഞ്ചാം ഓവറിൽ വിരാടിനെ ദേവ്ദത്തിന്റെ കയ്യിലെത്തിക്കുകയും അടുത്ത ഓവറിൽ ഡുപ്ളെസിയെ പടിക്കൽ റൺഒൗട്ടാക്കുകയും ചെയ്തതോടെ ബാംഗ്ളൂരിന്റെ പതനം തുടങ്ങിയിരുന്നു. ആറാം ഓവറിൽ മാക്സ്‌വെല്ലിനെയും (0) എട്ടാം ഓവറിൽ കാമറൂൺ ഗ്രീനിനെയും(0) പുറത്താക്കിയാണ് മായാങ്ക് ആർ.സി.ബിയുടെ നട്ടെല്ലൊടിച്ചത്.15-ാം ഓവറിൽ രജത് പാട്ടീദാറിനെയും പുറത്താക്കി മായാങ്ക് ചേസിംഗിന്റെ ലാസ്റ്റ് ചാൻസും തകർത്തു.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 181 റൺസ് നേടിയത്.
ഒരറ്റത്ത് ഉറച്ചുനിന്ന് പോരാടിയ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ പ്രകടനമാണ് ലക്നൗവിന് കരുത്തായത്. 16.4-ാം ഓവർ വരെ ബാറ്റുചെയ്ത സി കോക്ക് 56 പന്തുകളിൽ എട്ടുഫോറും അഞ്ചുസിക്സുമടക്കമാണ് 81 റൺസ് നേടിയത്. നായകനായി തിരിച്ചെത്തിയ കെ.എൽ രാഹുലും (20) ഡികോക്കും ചേർന്ന് ഓപ്പണിംഗിൽ 5.3 ഓവറിൽ 53 റൺസാണ് കൂട്ടിച്ചേർത്തത്. ആറാം ഓവറിൽ മാക്സ്‌വെല്ലിന് എതിരെ കൂറ്റൻ ഷോട്ടിന് ഒരുങ്ങിയ രാഹുലിനെ മായാങ്ക് ഡാഗറാണ് പിടികൂടിയത്. തുടർന്നെത്തിയ മറുനാടൻ മലയാളി താരം ദേവ്‌ദത്ത് പടിക്കലിന് (6)ഈ മത്സരത്തിലും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഒൻപതാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ കീപ്പർ അനുജ് റാവത്തിന് ക്യാച്ച് നൽകി ദേവ്ദത്ത് മടങ്ങുമ്പോൾ ലക്നൗ 73/2 എന്ന നിലയിലായിരുന്നു.
തുടർന്ന് ക്രീസിലൊരുമിച്ച മാർക്കസ് സ്റ്റോയ്നിസും(24) ഡി കോക്കും ചേർന്ന് സ്കോർ 100 കടത്തി. 13.5-ാം ഓവറിൽ ടീം സ്കോർ 129ൽ നിൽക്കവേയാണ് സ്റ്റോയ്നിസ് പുറത്താവുന്നത്. മാക്സ്‌വെല്ലിന്റെ പന്തിൽ മായാങ്ക് ഡാഗറിനായിരുന്നു സ്റ്റോയ്നിസിന്റെയും ക്യാച്ച്. തുടർന്ന് ഇൻഫോം ബാറ്റർ നിക്കോളാസ് പുരാൻ കളത്തിലേക്ക് എത്തിയെങ്കിലും ഡികോക്കിന് മടങ്ങേണ്ടിവന്നു. 17-ാം ഓവറിൽ റീസ് ടോപ്‌ലെ ഡികോക്കിനെ മായാങ്ക് ഡാഗറിന്റെ കയ്യിലെത്തിക്കുകയായിരുന്നു. 18 ഓവർ പൂർത്തിയായപ്പോൾ ആയുഷ് ബദോനിയും (0) കൂടാരം കയറി. തുടർന്ന് അവസാന രണ്ടോവറുകളിൽ ക്രുനാൽ പാണ്ഡ്യയെ (0*) നോൺസ്ട്രൈക്കർ എൻഡിൽ നിറുത്തി നിക്കോളാസ് പുരാൻ കത്തിക്കയറുകയായിരുന്നു. 21 പന്തുകൾ നേരിട്ട പുരാന്റെ ബാറ്റിൽ നിന്ന് ഒരു ഫോറും അഞ്ച് സിക്സുകളുമാണ് പറന്നത്.
181/5
ലക്നൗ സൂപ്പർ ജയന്റ്സ്
ക്വിന്റൺ ഡി കോക്ക് 81
നിക്കോളാസ് പുരാൻ 40*
മാർക്കസ് സ്റ്റോയ്നിസ് 24
കെ.എൽ രാഹുൽ 20
153/10
മഹിപാൽ ലോമോർ 33
രജത് പാട്ടീദാർ 29
വിരാട് കൊഹ്‌ലി 22
ഡുപ്ളെസി 19
4-0-14-3
മായാങ്ക് യാദവ്
തുടർച്ചയായ രണ്ടാം മത്സരത്തിലും മായാങ്ക് മാൻ ഒഫ് ദ മാച്ച്. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിന് എതിരെയും മായാങ്ക് മാൻ ഒഫ് ദമാച്ചായിരുന്നു.
156.7 km/hr
മായാങ്ക് യാദവ് ഇന്നലെ കണ്ടെത്തിയ ഉയർന്ന വേഗം. സീസണിലെ ഇതുവരെയുള്ള മികച്ച വേഗം. തകർത്തത് കഴിഞ്ഞ മത്സരത്തിൽ മായാങ്ക് എറിഞ്ഞ 155.8 km/hr
നാലുമത്സരങ്ങളിൽ ആർ.സി.ബിയുടെ മൂന്നാം തോൽവി
മൂന്ന് മത്സരങ്ങളിൽ ലക്നൗവിന്റെ രണ്ടാം ജയം.
ഇന്നത്തെ മത്സരം
ഡൽഹി Vs കൊൽക്കത്ത
7.30 pm മുതൽ