ipl

ബംഗളൂരു: ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വീണ്ടും തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 28 റണ്‍സിനാണ് ആര്‍സിബിയെ തോല്‍പ്പിച്ചത്. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരുവിന് 19.4 ഓവറില്‍ 153 റണ്‍സ് നേടുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി . തകര്‍പ്പന്‍ ഫാസ്റ്റ് ബൗളിംഗ് പ്രകടനം കാഴ്ചവെച്ച യുവതാരം മായങ്ക് യാദവാണ് ആര്‍സിബിയെ തകര്‍ത്തത്.

നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയ യാദവ് മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മികച്ച വേഗതയ്‌ക്കൊപ്പം കൃത്യതയാര്‍ന്ന ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ മായങ്കിനെ നേരിടാന്‍ ബംഗളൂരു ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. 13 പന്തില്‍ 33 റണ്‍സ് നേടിയ മഹിപാല്‍ ലോമ്‌റോര്‍ ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

വിരാട് കോഹ്ലി 22(16), ഫാഫ് ഡുപ്ലസിസ് 19(13), രജത് പാട്ടീദാര്‍ 29(21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഓസീസ് താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍ 0(2), കാമറൂണ്‍ ഗ്രീന്‍ 9(9) എന്നിവര്‍ നിരാശപ്പെടുത്തി. അനുജ് റാവത്ത് 9(21), ദിനേശ് കാര്‍ത്തിക് 4(8) എന്നിവരും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. നാല് മത്സരങ്ങളില്‍ നിന്ന് ബംഗളൂരുവിന്റെ മൂന്നാം തോല്‍വിയാണിത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി, ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 81(56), നിക്കോളസ് പൂരന്‍ 40*(21) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.