ponmudi

വിതുര: വിനോദസഞ്ചാരികളുടെ പറുദീസയായ പൊന്‍മുടിയിലും കടുത്തചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഞ്ചാരികളും നട്ടം തിരിയുന്നു. ആദ്യമായാണ് ഇത്രയധികം ചൂട് പൊന്‍മുടിയില്‍ അനുഭവപ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൂടിന്റെ കാഠിന്യമേറിയതോടെ പകല്‍ സമയങ്ങളിലും പുറത്തിറങ്ങാന്‍ കഴിയാതെയായി. ശക്തമായ ചൂട് പൊന്‍മുടിയുടെ മുഖച്ഛായയേയും മാറ്റി. അസഹ്യമായ ചൂട് മൂലം പൊന്‍മുടിയിലെത്തുന്ന സഞ്ചാരികള്‍ വളരെ പെട്ടെന്ന് തന്നെ പൊന്‍മുടി മലയിറങ്ങുന്ന അവസ്ഥയാണ് നിലവില്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പൊന്‍മുടിയില്‍ നല്ല തോതില്‍ മഴപെയ്തിരുന്നു. കനത്ത മൂടല്‍മഞ്ഞ് വീഴ്ചയും ശക്തമായ തണുപ്പും കാറ്റുമുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി സ്ഥിതി മറിച്ചാണ്. കൊടുംവെയിലില്‍ പൊന്‍മുടി മേഖലയിലെ പുല്‍മേടുകള്‍ മുഴുവന്‍ ഇതിനകം കരിഞ്ഞുണങ്ങി. വനമേഖലകള്‍ മുഴുവന്‍ കരിഞ്ഞുണങ്ങിയതോടേ തീറ്റയും വെള്ളവും തേടി കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ഭീതിയും, നാശവും വിതക്കുന്നുണ്ട്. കാട്ടാനയും കാട്ടുപോത്തും പന്നിയും പുലിയും വരെ പ്രദേശങ്ങളില്‍ ഭീതിപരത്തി കൃഷിയിടങ്ങളില്‍ കയറി കൃഷി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. അധികാരികള്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് തോട്ടമുടമകളും കര്‍ഷകരും.

സഞ്ചാരികള്‍ കുറഞ്ഞു

മീനച്ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ പൊന്‍മുടിക്ക് പുറമെ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. കല്ലാര്‍, മീന്‍മുട്ടി വെള്ളച്ചാട്ടം, വാഴ്വാന്‍തോല്‍ വെള്ളച്ചാട്ടം, ചാത്തന്‍കോട്, ബോണക്കാട്, പേപ്പാറ, ചീറ്റിപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ ഇപ്പോള്‍ നാമമാത്രമായ സഞ്ചാരികളാണ് എത്തുന്നത്. ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞതിനാല്‍ വനംവകുപ്പിന് പാസ് ഇനത്തില്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥയില്‍ മാറ്റം വരുന്നതോടെ വീണ്ടും പൊന്‍മുടിയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുമെന്ന പ്രതിക്ഷയിലാണ് ടൂറിസം മേഖല.

കുടിവെള്ള ക്ഷാമവും

കടുത്ത ചൂട് മൂലം പൊന്‍മുടി വനമേഖലയിലെ നീരുറവകളും നീര്‍ച്ചാലുകളും ഇതിനകം അപ്രത്യക്ഷമായി. കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്. സഞ്ചാരികള്‍ കൈയില്‍ കുപ്പിവെള്ളം കരുതിയില്ലെങ്കില്‍ വലയുന്ന അവസ്ഥയാണ്. മീനച്ചൂടിന്റെ കാഠിന്യത്താല്‍ കാട്ടുതീ പടരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വനപാലകര്‍ അറിയിച്ചു. ചൂടേറിയതോടെ സഞ്ചാരികളുടെ വരവിലും ഗണ്യമായ കുറവുണ്ട്. എന്നാല്‍ അവധി ദിവസങ്ങളില്‍ മാത്രം കൂടുതല്‍ പേരെത്തുന്നതും കാണാം.