
ന്യൂഡൽഹി: തിഹാർ രണ്ടാം നമ്പർ ജയിലിലെ മൂന്നാം വാർഡിൽ യു ടി (അണ്ടർ ട്രയൽ) നമ്പർ 670  ഇതാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഇപ്പോഴത്തെ മേൽവിലാസം. ഈ മാസം 15വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെയാണ് തിങ്കളാഴ്ച വെെകിട്ട് അരവിന്ദ് കേജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റിയത്.
ഡൽഹി മദ്യനയ കേസിൽ കഴിഞ്ഞ മാസം 21നാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായതിന് ശേഷം കേജ്‌രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മർലീന പറഞ്ഞു. ഇന്ന് രാവിലെ തന്റെ എക്സ് പേജിലെ പോസ്റ്റിലൂടെയാണ് അതിഷി ഇക്കാര്യം വ്യക്തമാക്കിയത്.
'കടുത്ത പ്രമേഹരോഗിയാണ് കേജ്‌രിവാൾ, ആരോഗ്യപ്രശ്നങ്ങൾക്കിടയിലും രാപ്പകലില്ലാതെ അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു. അറസ്റ്റിന് ശേഷം 4.5 കിലോ കുറഞ്ഞു. ഇത് ആശങ്കാജനകമാണ്. ബിജെപി അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കുകയാണ്. അരവിന്ദ് കേജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം മാത്രമല്ല. ദെെവം പോലും അവരോട് ക്ഷമിക്കില്ല' - അതിഷി കുറിച്ചു.
अरविंद केजरीवाल एक severe diabetic हैं। स्वास्थ की समस्याओं के बावजूद, वे देश की सेवा में 24 घण्टे लगे रहते थे।
— Atishi (@AtishiAAP) April 3, 2024
गिरफ़्तारी के बाद से अब तक, अरविंद केजरीवाल का वज़न 4.5 किलो घट गया है। यह बहुत चिंताजनक है। आज भाजपा उन्हें जेल में डाल कर उनके स्वास्थ को ख़तरे में डाल रही है।
अगर…
എന്നാൽ ജയിലിൽ എത്തിയപ്പോൾ അദ്ദേഹത്തിന് 55 കിലോ തൂക്കം ഉണ്ടായിരുന്നുവെന്നും അതിൽ മാറ്റമില്ലാതെ തുടരുന്നുവെന്നും ജയിൽ അധികൃതർ അറിയിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ ആണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് മുഖ്യമന്ത്രിയ്ക്ക് നൽകുന്നത്. മുഖ്യമന്ത്രിക്ക് രണ്ട് സുരക്ഷാ ജീവനക്കാർ എപ്പോഴും കാവലുണ്ട്. സി.സി.ടി.വി ക്യാമറകളിലൂടെ നിരന്തര നിരീക്ഷണത്തിലുമാണ്. അദ്ദേഹത്തിന് രാത്രിയിൽ ഉറക്കം കുറവായിരുന്നുവെന്നും എഴുന്നേറ്റിരുന്ന് നേരം വെളിപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ.