
കൊച്ചി: രണ്ടര വർഷം 20,00,311 ഉച്ചയൂണുകൾ വിളമ്പി സമൃദ്ധിക്കിച്ചൻ 20 ലക്ഷം ക്ലബിലേക്ക് കടന്നു. കുറഞ്ഞ ചെലവിൽ നഗരത്തിൽ അന്നമൂട്ടുന്ന കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി @ കൊച്ചി ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 2021 ഒക്ടോബർ ഏഴിന് നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്ത സമൃദ്ധി ഹോട്ടൽ എട്ടിനാണ് ഭക്ഷണം വിളമ്പി തുടങ്ങിയത്. ഇന്നലെ വരെയുള്ള കണക്കാണിത്.
നോർത്ത് പരമാര റോഡിലെ സമൃദ്ധി പത്തുരൂപയ്ക്ക് ഊണുമായായിരുന്നു സമൃദ്ധിയുടെ തുടക്കം. പിന്നീട് പ്രാതലും രാത്രി ഭക്ഷണവും തുടങ്ങി. സർക്കാർ സബ്സിഡി നിറുത്തിയതോടെ 10 രൂപ ഊണിന് 20 രൂപയാക്കി. അതുകൊണ്ടും തിരക്കിന് കുറവുണ്ടായില്ല.
3500 ഊണ് വരെ വിറ്റിരുന്നത് 3000 വരെയായി. ഇപ്പോൾ നാലുനേരവും ഭക്ഷണം നൽകുന്നു. കഞ്ഞി, ബിരിയാണി എന്നിവയ്ക്ക് പുറമെ ചൈനീസ് ഭക്ഷണം, കപ്പ ബിരിയാണി എന്നിവയും ലഭിക്കും.
ചോറിനൊപ്പം ചിക്കൻ, മീൻ, ബീഫ്, ചെമ്മീൻ എന്നിവ സ്പെഷ്യലുണ്ട്. 40 മുതൽ 100 വരെയാണ് വില. സമൃദ്ധിയിലെ 100 രൂപയുടെ പൊതിച്ചോറും വലിയ ഹിറ്റാണ്.
രാത്രിയിലും തിരക്ക്
ഒരാഴ്ചയായി സമൃദ്ധി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്. രാത്രി ഡ്യൂട്ടിയിലുള്ള ആശുപത്രി ജീവനക്കാരടക്കമുള്ളവരും എത്തുന്നുണ്ട്. ചായ, കാപ്പി, കപ്പ, ചപ്പാത്തി, ദോശ. വിവിധ തരം പുട്ട്, അൽഫാം, ഫ്രൈഡ് റൈസ്, കടല, ബീഫ്, ചിക്കൻ എന്നിവയാണ് രാത്രിയിലെ ഭക്ഷണം. 78 കുടുംബശ്രീ വനിതകളാണ് ഇവിടെ ജോലി ചെയ്യുന്നത്. കൂടുതൽ പേരെ ജോലിക്കെടുക്കാൻ തീരുമാനമുണ്ട്. ഇതിന് സി.ഡി.എസുമാരെ അറിയിച്ചിട്ടുണ്ട്.
45 പേർക്ക് ഭക്ഷണം
നഗരത്തിലെ അതി ദരിദ്രരായ 45 പേർക്ക് സമൃദ്ധിയിൽ നിന്ന് ഭക്ഷണം ദിവസവും സൗജന്യമായി എത്തിച്ച് നൽകുന്നുണ്ട്. രാവിലെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് ഊണ്, വൈകിട്ട് അവരുടെ താത്പര്യത്തിന് അനുസരിച്ച് കഞ്ഞി, ദോശ, ചപ്പാത്തി എന്നിവ നൽകും.
24 മണിക്കൂറും ആരംഭിച്ചതിന് ശേഷം വലിയ തിരക്കാണുള്ളത്. തിരഞ്ഞെടുപ്പിന് ശേഷം ള്ളുരുത്തിയിലും ഫോർട്ട്കൊച്ചിയിലും ആരംഭിക്കാനാണ് ആലോചന.
ഷീബ ലാൽ
ചേയർപേഴ്സൺ
ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി
കൊച്ചി കോർപ്പറേഷൻ