ഒരു വീട് വയ്ക്കുമ്പോൾ നമ്മൾ പല കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഏതൊക്കെ ഇടങ്ങളിൽ എന്തൊക്കെ വേണമെന്ന കൃത്യമായ ധാരണ എല്ലാവർക്കും ഉണ്ടാകും. വാസ്തു നോക്കി വീടുവയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. പോസിറ്റീവ് ഊർജം വീട്ടിൽ മുഴുവൻ നിറഞ്ഞുനിൽക്കാനാണ് പലരും ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത്.
എന്നാൽ, വീട്ടിനുള്ളിലെ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ പോര. വീടിന് പുറത്തെ വഴിയുടെ കാര്യത്തിലും ശ്രദ്ധ വേണം. വീട്ടിലേക്ക് പോസിറ്റീവ് ഊർജം കൊണ്ടുവരുന്നതിന് വഴി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ വീടിന്റെ വഴിയുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.
കുബേര ദിശ എന്ന് അറിയപ്പെടുന്നതിനാൽ വടക്ക് ദിശയിൽ വഴി വരുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്താൻ ധനപരമായ നേട്ടങ്ങൾ നിങ്ങളിൽ വന്നുചേരുമെന്നാണ് വിശ്വാസം.
കിഴക്ക് ദിശയിലാണ് വഴിയെങ്കിൽ വീട്ടിലുള്ളവരുടെ ആരോഗ്യപ്രശ്നങ്ങളെല്ലാം മാറി ദീർഘായുസ് ലഭിക്കും. വിദ്യയിൽ ഉയർച്ച നേടുകയും സൽക്കീർത്തി ലഭിക്കുകയും ചെയ്യുന്നു.
വടക്ക് - കിഴക്ക് ദിശയിൽ വീടിന്റെ വഴി വന്നുകഴിഞ്ഞാൽ ധനപരമായ നേട്ടങ്ങൾ വർദ്ധിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാകും. ഈ ദിശയിൽ ജനാല വരുന്നതും ഉത്തമമാണ്.
തെക്ക് ദിശയിൽ വഴി വരാൻ പാടില്ല. ഇത് സാമ്പത്തികമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. എത്ര സമ്പാദിച്ചാലും ചെലവുകൾക്ക് പോലും തികയാത്ത അവസ്ഥയും ഉണ്ടാകും.
വടക്ക് - പടിഞ്ഞാറ് ദിശയിലാണ് വഴി വരുന്നതെങ്കിൽ ആ വീട്ടിൽ കലഹങ്ങൾ ഒഴിഞ്ഞ സമയം ഉണ്ടാകില്ല എന്നാണ് വിശ്വാസം. ഈ വീട്ടിലുള്ളവർക്ക് മനസമാധാനവും ലഭിക്കില്ല. കടബാദ്ധ്യതയുണ്ടാകാനും സാദ്ധ്യതയുണ്ട്.