
മിസ്സ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ആദ്യമായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജം. ഇത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും മിസ് യൂനിവേഴ്സ് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.
സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന തരത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചത്. സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നുള്ളതായിരുന്നു വാർത്തകൾ.
സൗദി അറേബ്യയിൽ നിന്ന് മത്സരാർഥിയെ പങ്കെടുപ്പിക്കുന്നതിനായി യാതൊരു സെലക്ഷൻ നടപടികളും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഘാടകർ പറഞ്ഞു.
മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള സെലക്ഷൻ നടപടികൾ കടുപ്പമേറിയതും ഞങ്ങളുടെ നയങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസൃതവുമാണ്. നിയന്ത്രണങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി സുതാര്യമായാണ് സെലക്ഷൻ നടത്തുന്നത്. വരാനിരിക്കുന്ന മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന 100ലേറെ രാജ്യങ്ങളിൽ സൗദി അറേബ്യ ഇല്ല. ഏതൊക്കെ രാജ്യങ്ങളിൽ സൗന്ദര്യ മത്സരത്തിനായി സെലക്ഷൻ ട്രയൽ നടത്തണമെന്ന് തീരുമാനിക്കുന്നത് തങ്ങളുടെ അപ്രൂവൽ സമിതിയാണെന്നും മിസ് യൂനിവേഴ്സ് സംഘാടകർ വ്യക്തമാക്കി.
ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യ മിസ് യൂനിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന തരത്തിലായിരുന്നു നേരത്തെ വാർത്തകൾ വന്നത്. മോഡലായ റൂമി അല്‍ഖഹ്താനിയുടെ പോസ്റ്റിനെ മാത്രം അധികരിച്ചുള്ളതായിരുന്നു വാർത്തകൾ. 'മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിൽ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തിൽ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്' -എന്നാണ് സൗദി പതാകയേന്തിയ തന്റെ ഫോട്ടോക്കൊപ്പം മാർച്ച് 25ന് റൂമി അല്‍ഖഹ്താനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സെപ്റ്റംബർ 18 ന് മെക്സിക്കോയിലാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്.
ആരാണ് റൂമി അല്‍ഖഹ്താനി?
സൗദി അറേബ്യയിൽ നിന്നുള്ള മോഡലും സോഷ്യൽ മീഡിയ ഇൻവ്ലുവെൻസർ. ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസ്സിസ് ഗ്ലോബൽ ഏഷ്യൻ മത്സരം, മിസ് അറബ് പീസ്, മിസ് യൂറോപ്പ് തുടങ്ങി നിരവധി സൗന്ദര്യമത്സരങ്ങളിൽ മത്സരിച്ചിട്ടുണ്ട്. മിസ് സൗദി അറേബ്യ, മിസ് മിഡിൽ ഈസ്റ്റ്, മിസ് അറബ് വേൾഡ് പീസ്, മിസ് വുമൺ (സൗദി അറേബ്യ) എന്നിങ്ങനെ നിരവധി പട്ടങ്ങൾ അവർ നേടിയിട്ടുണ്ട്.
മാനുഷിക പ്രവർത്തനങ്ങളിലും അവർ വ്യാപൃതയാണ്. ഫെബ്രുവരിയിൽ, ആഗോള മനുഷ്യാവകാശ സംഘടനയായ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് സ്ത്രീകളുടെ അവകാശങ്ങളുടെ വക്താവാകാനും ലിംഗപരമായ അതിക്രമങ്ങൾക്കെതിരായ ശബ്ദമാകാനും ഗുഡ്വിൽ അംബാസഡറായി നിയമിച്ചു,