gaganyan

തിരുവനന്തപുരം: ശൂന്യാകാശത്ത് ആദ്യമായി ഒരു ഇന്ത്യക്കാരനെത്തിയിട്ട് നാൽപതു വർഷം. ഇന്ത്യക്കാരനായ രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയതിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച് റഷ്യൻ ഹൗസിൽ എക്സിബിഷൻ സംഘടിപ്പിച്ചു.

'ഗഗൻയാൻ ദൗത്യത്തിൽ നിയുക്തരായ നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ തനിക്ക് പരിശീലനം ലഭിച്ച ഗഗാറിൻ കോസ്‌മോനട്ട് ട്രെയിനിംഗ് സെന്ററിൽ നിന്നാണ് പരിശീലനം നേടിയതെന്നും നാൽപതു വർഷങ്ങൾക്കുള്ളിൽ സാങ്കേതികവിദ്യയിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും വീഡിയോ സന്ദേശത്തിൽ രാകേഷ് ശർമ്മ പറഞ്ഞു.ബഹിരാകാശ യാത്രയുടെ തയ്യാറെടുപ്പിന്റെയും പരിശീലനത്തിന്റെയും ഫോട്ടോകളും ഇന്ത്യയിലെയും റഷ്യയിലെയും സ്വീകരണവും വെള്ളിയാഴ്ച സമാപിക്കുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.റഷ്യൻ ഹൗസിൽ നടന്ന പ്രദർശനം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ഗ്രൂപ്പ് മേധാവി ഷിജു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യ റഷ്യ സഹകരണത്തിലെ നാഴികക്കല്ലായിരുന്നു രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച റഷ്യയുടെ ഓണററി കോൺസലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ പറഞ്ഞു.