
കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും നാണയപ്പെരുപ്പ ഭീഷണിയും കണക്കിലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതോടെ പവൻ വില കേരളത്തിൽ ഇന്നലെ 51,280 രൂപയായി. ഇന്നലെ പവൻ വിലയിൽ 600 രൂപയും ഗ്രാമിന് 75 രൂപയും വർദ്ധിച്ചു. ഗ്രാമിന്റെ വില 6,410 രൂപയിലെത്തി. ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ മൂലം എണ്ണവില കുതിക്കുന്നതിനാൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണം പത്ത് ഗ്രാമിന്റെ വില 0.8 ശതമാനം ഉയർന്ന് 69,375 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2,287 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഹെഡ്ജ് ഫണ്ടുകളുടെ മികച്ച വാങ്ങൽ താത്പര്യമാണ് സ്വർണത്തിന്റെ വിലയിൽ കുതിപ്പ് സൃഷ്ടിച്ചത്.
വെള്ളി വിലയിലും ഇന്നലെ വൻ മുന്നേറ്റം ദൃശ്യമായി. വെള്ളി വില കിലോഗ്രാമിന് 2,000 രൂപ ഉയർന്ന് 84,000 രൂപയിലെത്തി.