ms

റായ്‌പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഢിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലൂടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 13 ആയി. ഇന്നലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചൊവ്വാഴ്‌ച ബിജാപൂർ ജില്ലയിലെ വനത്തിലാണ് ഓപ്പറേഷൻ നടന്നത്. എട്ട് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പ്പിനിടെയാണ് 13 പേരെ വധിച്ചത്. രണ്ട് ദിവസത്തിനിടെ നിരവധി തവണ ഏറ്റുമുട്ടലുണ്ടായി. റൈഫിളുകൾ, യന്ത്രത്തോക്കുകൾ, വെടിമരുന്ന് എന്നിവയുടെ വൻശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ മൂന്ന് പേർ സ്ത്രീകളാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസൊലൂട്ട് ആക്ഷൻ (കോബ്രാ) എന്നീ വിഭാഗങ്ങളുടെ സംയുക്ത ഓപ്പറേഷനാണ് നടന്നത്. പാപ്പാ റാവു എന്ന മാവോയിസ്റ്ര് നേതാവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്ന് നടത്തിയതെന്ന് ബസ്‌തർ ഐ.ജി സുന്ദർരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.