
തായ്പേയ്:തായ്വാനിൽ 25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തിൽ ഒമ്പത് മരണം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. തായ്വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലും സുനാമി മുന്നറിയിപ്പുണ്ട്. ദ്വീപുകളിൽ 10 അടി വരെ ഉയരമുള്ള സുനാമി തിരകൾക്ക് സാദ്ധ്യതയുണ്ട്. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 700ലേറെ പേർക്ക് പരിക്കേറ്റു. 26 കെട്ടിടങ്ങൾ തകർന്നു. ഇരുപതിലേറെ പേർ കെട്ടിടങ്ങളിൽ കുടുങ്ങി. രക്ഷാപ്രവർത്തനം തുടരുകയാണ്.
തലസ്ഥാനമായ തായ്പേയ് സിറ്റിയിൽ ദുരന്ത വ്യാപ്തി കൂടുതലാണ്. ജപ്പാന്റെയും ചൈനയുടെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. തുടർചലനങ്ങൾ ഉണ്ടായേക്കാം. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി വിതരണം നിലച്ചു. മണ്ണിടിച്ചിൽ ഭീതിയിൽ ഹൈവേകൾ അടച്ചിട്ടു.
ഭൂകമ്പ ദൃശ്യങ്ങളിൽ മെട്രോ പാലമുൾപ്പെടെ കുലുങ്ങുന്നതും കെട്ടിടങ്ങൾ തകർന്നതും കാണാം.
ഹൗളിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ തെക്ക് 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വിദ്യാലയങ്ങളും തൊഴിൽ സ്ഥാപനങ്ങളും താത്കാലികമായി അടച്ചു.
1999ലാണ് മുൻപ് അതിശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പത്തിൽ 2400 പേർ മരണമടഞ്ഞിരുന്നു.
1999ലെ ഭൂകമ്പം
തായ്പേയ്ക്ക്...........150 കി.മീ തെക്ക്
തീവ്രത...................... 7.7
മരണം..................... 2,400
പരിക്ക്........... 10,000
ഭവനരഹിതർ........... 1,00000
തകർന്ന കെട്ടിടങ്ങൾ ..........10,000